ഡെസേര്‍ട്ട് വൈപ്പേഴ്‌സ് 134 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇന്നിംഗില്‍ സുനില്‍ നരെയ്‌ന്‍ എറിഞ്ഞ 15-ാം ഓവറില്‍ ഫെഫേന്‍ റൂത്തര്‍ഫോഡ് പന്ത് ബൗണ്ടറിയിലേക്ക് തട്ടിവിട്ടു

ദുബായ്: ബൗണ്ടറിലൈനില്‍ ഫീല്‍ഡര്‍ പന്തെടുക്കാന്‍ വരുമ്പോള്‍ ബോള്‍ ബോയി ബൗണ്ടറിക്ക് അകത്ത് കയറി പന്ത് എടുത്തുകൊടുക്കുക. ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍ ഡെസേര്‍ട്ട് വൈപ്പേഴ്‌സും അബുദാബി നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു വിചിത്രമായ സംഭവം. 

ഡെസേര്‍ട്ട് വൈപ്പേഴ്‌സ് 134 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇന്നിംഗില്‍ സുനില്‍ നരെയ്‌ന്‍ എറിഞ്ഞ 15-ാം ഓവറില്‍ ഫെഫേന്‍ റൂത്തര്‍ഫോഡ് പന്ത് ബൗണ്ടറിയിലേക്ക് തട്ടിവിട്ടു. പിന്നാലെ ഓടി ബൗണ്ടറി തടയാന്‍ ശ്രമിച്ച നൈറ്റ് റൈഡേഴ്‌സ് ഫീള്‍ഡര്‍ സാബിര്‍ അലി പന്ത് റോപ്പിന് ഇഞ്ചുകള്‍ മാത്രം അകലെ വച്ച് കൈകൊണ്ട് തട്ടി ഉള്ളിലേക്കിട്ടു. പിന്നാലെ ബൗണ്ടറിലൈനിന് പുറത്തുകടന്ന സാബിര്‍ ഉള്ളില്‍ തിരിച്ചെത്തി പന്ത് എടുക്കുന്നതിന് മുന്നേ ബോള്‍ ബോയി പന്ത് കൈക്കലാക്കുകയായിരുന്നു. എന്നിട്ട് സാബിര്‍ അലിക്ക് കൈമാറി. സാബിര്‍ അലി ഉടന്‍ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുനല്‍കി. ഇതിനകം ബാറ്റര്‍മാര്‍ മൂന്ന് റണ്‍സ് ഓടിയെടുത്തിരുന്നു. പുറത്തുനിന്ന് ഒരാള്‍ ബൗണ്ടറിക്കുള്ളില്‍ കടന്ന് പന്ത് പിടിച്ചിട്ടും ഇത് ഡെഡ് ബോളായി അംപയര്‍ പ്രഖ്യാപിച്ചില്ല. ഇത് നൈറ്റ് റൈഡേഴ്‌സ് ഫീള്‍ഡര്‍മാരെയും കമന്‍റേറ്റര്‍മാരേയും അത്ഭുതപ്പെടുത്തി. 

Scroll to load tweet…

മത്സരം ഡെസേര്‍ട്ട് വൈപ്പേര്‍സ് ഏഴ് വിക്കറ്റിന് വിജയിച്ചു. അബുദാബി നൈറ്റ് റൈഡേഴ്‌സിന്‍റെ 133 റണ്‍സ് വൈപ്പേര്‍സ് 15.4 ഓവറില്‍ മറികടന്നു. അലക്‌സ് ഹെയ്‌ല്‍സ് 47 പന്തില്‍ 64 റണ്‍സെടുത്തു. സാം ബില്ലിംങ്സ് 29 പന്തില്‍ 35 ഉം ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ് 4 പന്തില്‍ 11 ഉം റണ്‍സുമായി പുറത്താവാതെ നിന്നു. അക്കീല്‍ ഹൊസൈന്‍, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നേരത്തെ 44 പന്തില്‍ 57 റണ്‍സെടുത്ത ബ്രാണ്ടന്‍ കിംഗാണ് അബുദാബിയെ തകര്‍ച്ചയ്ക്കിടയിലും കാത്തത്. വനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്‌ത്തി.