ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിന് പരസ്‌ത്രീബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത്. ഒരു പെണ്‍കുട്ടിയുമായി താരം നടത്തിയ ചാറ്റുകളുടേത് എന്ന് അവകാശപ്പെട്ട് സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി.  

വിവാദ വെളിപ്പെടുത്തലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ ഇമാം ഉള്‍ ഹഖിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇംഗ്ലണ്ട് ലോകകപ്പില്‍ ഒരു സെഞ്ചുറിയടക്കം നേടി പാക്കിസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഇമാം ഉള്‍ ഹഖ്. എന്നാല്‍ ആരോപണങ്ങളോട് പാക് താരം പ്രതികരിച്ചിട്ടില്ല.