പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ശക്തിപ്പെടുത്തുന്നതിനാണ് താൻ ഊന്നൽ നൽകുന്നതെന്ന് റമീസ് രാജ

ലാഹോര്‍: ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര ഉടനെ സാധ്യമല്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഇന്ത്യയുമായി പരമ്പര നടത്തുന്നതിനേക്കാൾ പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ശക്തിപ്പെടുത്തുന്നതിനാണ് താൻ ഊന്നൽ നൽകുന്നതെന്നും റമീസ് രാജ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. 

ഇന്നലെയാണ് 59കാരനായ റമീസ് രാജയെ പിസിബി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻനായകനുമായ ഇമ്രാൻ ഖാനാണ് റമീസ് രാജയെ പിസിബി തലവനായി നിയമിച്ചത്. പ്രധാനമന്ത്രി തന്നെ ഭാരിച്ച ചുമതലയാണ് ഏൽപിച്ചിരിക്കുന്നതെന്ന് റമീസ് രാജ പറഞ്ഞു. ഭയരഹിതമായ ക്രിക്കറ്റ് കളിക്കാന്‍ തന്‍റെ കളിക്കാരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ 18-ാം ടെസ്റ്റ് നായകനും 12-ാം ഏകദിന നായകനുമായിരുന്നു റമീസ് രാജ. 1984നും 1997നും ഇടയില്‍ പാക് കുപ്പായത്തില്‍ 255 അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച താരം 8674 റണ്‍സ് നേടി. വിരമിച്ചതിന് ശേഷം കമന്‍റേറ്ററായി സജീവമായിരുന്നു. 2003-2004 കാലത്ത് പിസിബിയുടെ ചീഫ് എക്‌സിക്യുട്ടീവായി പ്രവര്‍ത്തിച്ച പരിചയമുണ്ട്.

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ്. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മിസ്‌ബ ഉള്‍ ഹഖും വഖാര്‍ യൂനിസും പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെ ഇടക്കാല പരിശീലകനായി സഖ്‌ലെയ്ന്‍ മുഷ്താഖിനെ നിയമിച്ചു. ന്യൂസിലന്‍ഡിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്‌ക്കുള്ള പാക് ടീമിനെയാണ് സഖ്‌ലെയ്ന്‍ പരിശീലിപ്പിക്കുക. മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് അദ്ദേഹത്തിന്റെ സഹായത്തിനെത്തും. 

ഇതിനൊപ്പം ബാറ്റിംഗ് പരിശീലകനായി ഓസീസ് മുന്‍ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡനെയും ബൗളിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 'രണ്ട് ലോകകപ്പ് നേടിയ താരമായ ഹെയ്ഡന്‍റെ പരിചയസമ്പത്ത് പാക് ടീമിന് ഗുണം ചെയ്യും. മികച്ച റെക്കോഡിന് ഉടമയായ ഫിലാന്‍ഡര്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കു'മെന്നും റമീസ് പറഞ്ഞു.

കോലിക്ക് പകരം രോഹിത് നായകനാകുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ജയ് ഷാ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona