ബംഗ്ലാദേശിനെതിരായ നാണംകെട്ട തോല്‍വി, പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി; ബോര്‍ഡ് ചെയര്‍മാനെ പൊരിച്ച് ഇമ്രാന്‍
പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തലപ്പത്തിരിക്കുന്ന മൊഹ്‌സീന്‍ നഖ്‌വിയുടെ യോഗ്യതകള്‍ ഇതൊക്കെയാണെന്ന് അക്കമിട്ട് നിരത്തി ഇമ്രാന്‍ ഖാന്‍റെ പരിഹാസം
ലാഹോര്‍: ബംഗ്ലാദേശിനോട് ചരിത്രത്തിലാദ്യമായി ടെസ്റ്റില്‍ തോറ്റതിന് പിന്നാലെ പാക് ക്രിക്കറ്റിലുണ്ടായ പൊട്ടിത്തെറി വഷളാകുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാര്‍ മൊഹ്‌സീന്‍ നഖ്‌വിയെ കടന്നാക്രമിച്ച് പാക് മുന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പാക് ക്രിക്കറ്റിനെ നശിപ്പിച്ചത് നഖ്‌വിയാണ് എന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ ഇമ്രാന്‍ ഖാന്‍റെ ആരോപണം.
'ടിവിയില്‍ പാകിസ്ഥാന്‍കാരൊന്നാകെ കാണുന്ന ഏക കായികയിനമാണ് ക്രിക്കറ്റ്. യോഗ്യതയില്ലാത്ത ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ അത് നശിപ്പിച്ചു' എന്നാണ് ഇമ്രാന്‍ ഖാന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആദ്യ പ്രതികരണമായി ചേര്‍ത്തിരിക്കുന്നത്. 'ബംഗ്ലാദേശിനെതിരെ ദാരുണമായ തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. അത് പുത്തന്‍ നാണക്കേടായി. വെറും രണ്ടര വര്‍ഷം മുമ്പ് ടീം ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പിച്ച ടീമാണ് ഇത്ര ദയനീയമായ പ്രകടനം ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനോട് 10 വിക്കറ്റിന് തോല്‍ക്കാന്‍ മാത്രം ഇക്കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ എന്താണ് സംഭവിച്ചത്. എല്ലാ കുറ്റവും ഒരൊറ്റ സമിതിക്ക് മുകളിലാണ് വരിക. ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സീന്‍ നഖ്‌വിയുടെ ഭാര്യയുടെ പേരില്‍ ദുബായില്‍ അഞ്ച് മില്യണ്‍ ഡോളറിന്‍റെ സ്വത്തുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പിന്‍റെ പിന്നിലെ കേന്ദ്രമാണ് അയാള്‍. ഇതൊക്കെയാണ് നഖ്‌വിയുടെ യോഗ്യതകള്‍' എന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് പിന്നാലെ നഖ്‌വിക്കെതിരെ വേറെയും മുന്‍ താരങ്ങളുടെ വിമര്‍ശനമുണ്ട്. നഖ്‌വിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദ് നേരത്തെ രംഗത്തെത്തിയിരുന്നു. നഖ്‌വി പരാജയപ്പെട്ടെന്നും പാഴ് വാഗ്‌ദാനങ്ങള്‍ നല്‍കി പാകിസ്ഥാന്‍ ആരാധകരെ വഞ്ചിച്ചതായും ഷെഹ്‌സാദ് കുറ്റപ്പെടുത്തി.
ഈയടുത്താണ് റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിന്‍റെ ചരിത്ര വിജയം ബംഗ്ലാദേശ് നേടിയത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് എടുത്ത ഡിക്ലെയര്‍ തീരുമാനത്തിന് കനത്ത വിലയാണ് മത്സരത്തില്‍ പാക് ക്രിക്കറ്റ് ടീമിന് കൊടുക്കേണ്ടിവന്നത്. ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 113 ഓവറില്‍ 448-6 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. 239 പന്തില്‍ 171* റണ്‍സുമായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും 24 പന്തില്‍ 29* റണ്‍സുമായി ഷഹീന്‍ അഫ്രീദിയുമായിരുന്നു ക്രീസില്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ബംഗ്ലാദേശ് 565 റണ്‍സടിച്ചു. 341 പന്തില്‍ 191 റണ്‍സുമായി മുഷ്‌ഫീഖുര്‍ റഹീമായിരുന്നു ടോപ് സ്കോറര്‍. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ പാകിസ്ഥാന്‍ വെറും 146 റണ്‍സില്‍ പുറത്തായപ്പോള്‍ വിജയലക്ഷ്യമായ 30 റണ്‍സ് ബംഗ്ലാദേശ് വിക്കറ്റ് നഷ്‌ടമില്ലാതെ 6.3 ഓവറില്‍ അടിച്ചെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം