അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എല്ലാ ബാറ്റ്സ്മാന്‍മാരും അവരെപ്പോലെയായിരിക്കും കളിക്കുക. അതൊക്കെ സര്‍വസാധാരണമാകുന്ന കാലമാണ് വരാന്‍ പോകുന്നത്.

ലണ്ടന്‍: പത്തു വര്‍ഷം കഴിയുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാവരും റിഷഭ് പന്തിനെയും ഹര്‍ദ്ദിക് പാണ്ഡ്യയെയും പോലെയാകും ബാറ്റ് ചെയ്യുകയെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡാരന്‍ ഗഫ്. അടുത്ത ദശകത്തില്‍ ബാറ്റിംഗ് എന്നത് എങ്ങനെയായിരിക്കും എന്നതിന്‍റെ ബ്ലൂപ്രിന്‍റായിരുന്നു ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇരുവരുടെയും ബാറ്റിംഗെന്നും ഗഫ് പറഞ്ഞു.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എല്ലാ ബാറ്റ്സ്മാന്‍മാരും അവരെപ്പോലെയായിരിക്കും കളിക്കുക. അതൊക്കെ സര്‍വസാധാരണമാകുന്ന കാലമാണ് വരാന്‍ പോകുന്നത്. സ്മിത്തിനെയും വില്യംസണെയും റൂട്ടിനെയും പോലുള്ള കളിക്കാര്‍ ഒരു പരിധിവരെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശാറുണ്ട്. അവര്‍ പക്ഷെ ഇന്നിംഗ്സ് കെട്ടിപ്പടുത്തശേഷം അവസാനം ആഞ്ഞടിക്കുന്ന രീതിയാണ് നമ്മള്‍ കാണാറുള്ളത്.

പക്ഷെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ നടക്കാനിടയുള്ള കാര്യം നടപ്പാക്കാന്‍ കെല്‍പ്പുള്ള ഹര്‍ദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ക്രുനാല്‍ പാണ്ഡ്യയും ശ്രേയസ് അയ്യരുമെല്ലാം ഇപ്പോഴെ ടീമിനുവേണ്ടി അത് ചെയ്യുന്നുണ്ട്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 329 റണ്‍സിലൊതുങ്ങിയതില്‍ ഇന്ത്യ നിരാശരായിട്ടുണ്ടാവാം. എന്നാല്‍ റിഷഭ് പന്തും-ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് പ്രത്യാക്രമണത്തിലൂടെ 11 ഓവറില്‍ 99 റണ്‍സടിച്ചത് അസാമാന്യമായിരുന്നുവെന്നും ഗഫ് പറഞ്ഞു.