Asianet News MalayalamAsianet News Malayalam

വനിതാ ഐപിഎല്‍: 24 താരങ്ങള്‍ക്ക് 50 ലക്ഷം അടിസ്ഥാനവില; താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്ത്

ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങളുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം ക്യാറ്റന്‍ ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖര്‍ക്ക് 50 ലക്ഷമാണ് അടിസ്ഥാന വില.

inaugural womens Premier League 2023 Player Auction list announced saa
Author
First Published Feb 7, 2023, 7:54 PM IST

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ബിസിസിഐ. 409 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. താരലേലം 13ന് മുംബൈയില്‍ നടക്കും. 1525 താരങ്ങളില്‍ നിന്നാണ് ഇത്രയും പേരുടെ പട്ടികയുണ്ടാക്കിയത്. 246 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 163 ഓവര്‍സീസ് താരങ്ങളും ലേലത്തിന്റെ ഭാഗമാവും. എട്ട് താരങ്ങള്‍ അസോസിയേറ്റ് രാജ്യത്തില്‍ നിന്നാണ്. ക്യാപ്ഡ് താരങ്ങളായി 202 പേര്‍. 199 പേര്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല.

ഏറ്റവും ഉയര്‍ന്ന അടിസ്ഥാന തുകയായ 50 ലക്ഷത്തിന്റെ പട്ടികയില്‍ 24 താരങ്ങളുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം ക്യാറ്റന്‍ ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖര്‍ക്ക് 50 ലക്ഷമാണ് അടിസ്ഥാന വില. ഓസ്‌ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്‌റ്റോണ്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ തുടങ്ങിയവരും ഈ ഗണത്തില്‍ വരും. 13 ഓവര്‍സീസ് താരങ്ങള്‍ക്ക് 50 ലക്ഷം അടിസ്ഥാനവിലയുണ്ട്. 30 താരങ്ങളുടെ അടിസ്ഥാനവില 40 ലക്ഷമാണ്.

അടുത്തമാസം നാലിനാണ് വനിതാ ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ഐപിഎല്‍ ക്രമീകരിച്ചിട്ടുള്ളത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുക. അഞ്ച് ടീമുകള്‍ ഐപിഎല്ലിന്റെ ഭാഗമാവും. ഒരു ടീമിന് 15 മുതല്‍ 18 താരങ്ങളെ വരെ സ്വന്തമാക്കാനാവും.

വനിതാ ടി20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. ഫ്രാഞ്ചൈസി ലേലം നേരത്തെ നടന്നിരുന്നു. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.

ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അദാനി സ്‌പോര്‍ട്‌സ്ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് റാഞ്ചി. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. ബെംഗളൂരു ടീമിനെ റോയല്‍ ചലഞ്ചേഴ്‌സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ദില്ലി ടീമിനെ ജെഎസ്ഡബ്ലൂ ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്‌നൗ ടീമിനെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും കൈക്കലാക്കി.

ലോകകപ്പ് പിന്മാറ്റം: 'പാകിസ്ഥാന്‍റെ ഭീഷണിയൊന്നും വിലപ്പോവില്ല'; വ്യക്താക്കി ആര്‍ അശ്വിന്‍

Follow Us:
Download App:
  • android
  • ios