സംഗീത ലോകത്തെ ഒരു ഇതിഹാസത്തിന്‍റെ വിയോഗമെന്നതിലുപരി, വ്യക്തിപരമായ വലിയൊരു നഷ്ടമായാണ് സച്ചിൻ ഇതിനെ കാണുന്നത്.

മുംബൈ: ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ വിയോഗത്തിൽ നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കര്‍. മുംബൈയിലെ വസതിയിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയ സച്ചിൻ, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരിലും നൊമ്പരമായി. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിൻ എത്തിയത്.

സംഗീത ലോകത്തെ ഒരു ഇതിഹാസത്തിന്‍റെ വിയോഗമെന്നതിലുപരി, വ്യക്തിപരമായ വലിയൊരു നഷ്ടമായാണ് സച്ചിൻ ഇതിനെ കാണുന്നത്. ആശ ഭോസ്‌ലെയുമായി സച്ചിന് ദശാബ്ദങ്ങളായുള്ള അടുത്ത ബന്ധമാണുള്ളത്. ഗായികയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടയിൽ പലപ്പോഴും സച്ചിൻ വിതുമ്പി കണ്ണീർ തുടയ്ക്കുന്നത് കാണാമായിരുന്നു.

Scroll to load tweet…

കഴിഞ്ഞ കുറച്ചു കാലങ്ങളായി പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന ആശ ഭോസ്‌ലെ, ഏറ്റവും ഒടുവിലായി പങ്കെടുത്ത ചടങ്ങുകളിൽ ഒന്ന് ജാംനഗറിൽ നടന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറുടെ വിവാഹമായിരുന്നു. സച്ചിന്‍റെ കുടുംബവുമായി ആത്മബന്ധം പുലർത്തിയിരുന്നു എന്നതിന്‍റെ തെളിവായിരുന്നു അവശതകള്‍ക്കിടയിലും അവര്‍ വിവാഹത്തിനെത്തിയത്.

Scroll to load tweet…

ആശ ഭോസ്‌ലെയുടെ വിയോഗത്തിൽ എക്സിൽ പങ്കുവെച്ച കുറിപ്പിൽ സച്ചിൻ തന്‍റെ ഹൃദയവേദന പങ്കുവെച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ആശ തായ് ഒരു കുടുംബാംഗമായിരുന്നു. ഈ നഷ്ടം വിവരിക്കാൻ വാക്കുകൾ തികയുന്നില്ല. ഒരുകാലത്ത് ഹൃദയം നിശബ്ദമാവുകയും അടുത്ത നിമിഷം അവർ നമുക്ക് സമ്മാനിച്ച എണ്ണമറ്റ ഗാനങ്ങളിലൂടെ അത് അലയടിക്കുകയും ചെയ്യുന്നു. സമയം പോലും നിശ്ചലമായതുപോലെ തോന്നുന്നു. എങ്കിലും അവരുടെ അനശ്വര ഗാനങ്ങളിലൂടെ അവർ എന്നും ജീവിക്കും. വാക്കുകൾക്ക് അതീതമായി ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും ആശ തായ് എന്നായിരുന്നു സച്ചിന്‍ കുറിച്ചത്.

Scroll to load tweet…

ആശ ഭോസ്‌ലെയുടെ പാട്ടുകൾ കേട്ടാണ് താൻ വളർന്നതെന്ന് സച്ചിൻ പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. മറുവശത്ത്, സച്ചിനെ ഒരു മകനെപ്പോലെ സ്നേഹത്തോടും അഭിമാനത്തോടും കൂടിയാണ് ആശ ഭോസ്‌ലെ കണ്ടിരുന്നത്. സ്വന്തം മേഖലകളിൽ കൊടുമുടി കയറിയ രണ്ട് പ്രതിഭകൾ തമ്മിലുള്ള ആഴത്തിലുള്ള സ്നേഹബന്ധത്തിന്‍റെ നേർക്കാഴ്ചയായിരുന്നു അന്ത്യയാത്രയ്ക്കിടെ കണ്ട വികാരനിർഭരമായ നിമിഷങ്ങൾ.

ഇന്നലെ മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു ആശാ ഭോസ്‌ലെ അന്തരിച്ചത്. 92 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു വിഖ്യാത ഗായികയുടെ വിടവാങ്ങ‌ൽ. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക