ഓവലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദയനീയ തോല്‍വി ഓസ്ട്രേലിയയോട് ഏറ്റുവാങ്ങിയതിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ആരാധകരും. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ മികച്ച സ്കോറില്‍ എത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചപ്പോള്‍ ബാറ്റിംഗില്‍ അജിങ്ക്യ രഹാനെയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ വലിയ പോരാട്ടവീര്യം ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല. പ്രത്യേകിച്ച് മുന്‍നിര താരങ്ങള്‍ വിക്കറ്റ് വലിച്ചെറിയാന്‍ മത്സരിച്ചു. ഇതുതന്നെയാണ് തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് മത്സര ശേഷം ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം. 

'469 റണ്‍സ് വിട്ടുകൊടുക്കേണ്ട പിച്ചായിരുന്നില്ല ഇത്. ഇന്നലെ നാലാം ദിനത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ഷോട്ട് സെലക്ഷന് വലിയ വില നല്‍കേണ്ടി വന്നു' എന്നുമാണ് രാഹുല്‍ ദ്രാവിഡ് സ്റ്റാര്‍ സ്പോര്‍ട്‌സിനോട് പറഞ്ഞത്. 

ഓവലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഉസ്‌മാന്‍ ഖവാജയെ പൂജ്യത്തില്‍ തുടക്കത്തിലെ നഷ്‌ടമായെങ്കിലും 43 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും പിന്നാലെ സെഞ്ചുറികളുമായി സ്റ്റീവ് സ്‌മിത്തും(121), ട്രാവിസ് ഹെഡും(163), വാലറ്റത്തിനൊപ്പം അലക്‌സ് ക്യാരിയും(48) ഓസീസിന് 469 റണ്‍സ് സമ്മാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യയാവട്ടെ 296 റണ്ണില്‍ എല്ലാവരും പുറത്തായി. അജിങ്ക്യ രഹാനെയുടെ 89 ഉം രവീന്ദ്ര ജഡേജയുടെ 48 ഉം ഷര്‍ദ്ദുല്‍ താക്കൂറിന്‍റെ 51 ഉം മാത്രമേ ഇന്ത്യക്ക് പറയത്തക്കതായി ഉണ്ടായിരുന്നുള്ളൂ. 

173 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഓസീസ് 270/8 എന്ന സ്കോറിലാണ് ഡ‍ിക്ലെയര്‍ ചെയ്‌തത്. ഇതോടെ 466 റണ്‍സ് വിജയലക്ഷ്യം മുന്നിലെത്തിയ ഇന്ത്യയുടെ ബാറ്റര്‍മാര്‍ അലക്ഷ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെയാണ് 209 റണ്ണിന്‍റെ തോല്‍വി നേരിട്ടതും കപ്പ് കൈവിട്ടതും. ഇന്ത്യയുടെ മറുപടി ബാറ്റിംഗ് അഞ്ചാം ദിനം ആദ്യ സെഷനില്‍ 234 റണ്‍സില്‍ അവസാനിച്ചു. വിരാട് കോലി 49 ഉം അജിങ്ക്യ രഹാനെ 46 ഉം രോഹിത് ശര്‍മ്മ 43 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഓസീസിനായി നേഥന്‍ ലിയോണ്‍ നാലും സ്കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ് ഒന്നും വിക്കറ്റ് സ്വന്തമാക്കി. അലക്ഷ ഷോട്ടുകള്‍ കളിച്ചായിരുന്നു രോഹിത്തും കോലിയും ഗില്ലും അടക്കമുള്ള താരങ്ങളുടെ പുറത്താകല്‍. 

Read more: ഒടുവില്‍ ഹിറ്റ്‌മാന്‍റെ കുറ്റസമ്മതം; എന്തുകൊണ്ട് തോറ്റു എന്നതിന് മറുപടിയുമായി രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News