ഇന്‍ഡോര്‍: ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രത്തിന്‍റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്‌ത്രി. ഇന്ത്യന്‍ ടീമിന്‍റെ പരിശീലനത്തിനിടെ മുന്‍ ഓള്‍റൗണ്ടര്‍ കൂടിയായ ശാസ്‌ത്രി പന്തെറിയുന്നതാണ് ചിത്രം. 

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായ ശേഷം വന്ന മാറ്റമാണ് ഇതെന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. മദ്യത്തിന് പകരം ശാസ്‌ത്രി സൂപ്പ് കുടിക്കുന്ന ചിത്രം സഹിതമായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്. ശാസ്‌ത്രിയുടെ ഫിറ്റ്നസ് കണ്ട് യോയോ ടെസ്റ്റ് വേണമെന്നായി മറ്റൊരു ആരാധകന്‍. പന്തിന്‍റെ സ്ഥാനത്ത് ബിയര്‍ കുപ്പിയും ഗ്ലാസും എഡിറ്റ് ചെയ്ത് ചേര്‍ത്ത വിരുതന്‍മാരുമുണ്ട്. 

ഇതാദ്യമല്ല രവി ശാസ്‌ത്രി ട്രോളര്‍മാരുടെ ആക്രമണം നേരിടുന്നത്. മദ്യക്കുപ്പിയുമായി നില്‍ക്കുന്ന ശാസ്‌ത്രിയുടെ ചിത്രങ്ങള്‍ പലകുറി പുറത്തായിരുന്നു. ശാസ്‌ത്രിയുടെ കുടവയറും ചില ആരാധകര്‍ ട്രോളിയിരുന്നു.