IND v NZ : അക്സറിന് റെക്കോര്‍ഡ് നേട്ടം, എന്നിട്ടും സഹതാരങ്ങള്‍ കളിയാക്കുന്നുവെന്ന് അക്സര്‍
നാലു ടെസ്റ്റിലെ ഏഴ് ഇന്നിംഗ്സില്‍ അഞ്ച് തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അക്സര്‍ ഓസ്ട്രേലിയയുടെ ടോം റിച്ചാര്‍ഡ്സണ്‍, റോഡ്നി ഹോഗ് എന്നിവര്‍ക്കൊപ്പമാണ് റെക്കോര്‍ഡ് പങ്കിട്ടത്.

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ ) ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് അക്സര്‍ പട്ടേലിന്‍റെ(Axar Patel) അഞ്ച് വിക്കറ്റ് നേട്ടമാണ്.നാലാം ടെസ്റ്റ് കളിക്കുന്ന അക്സര്‍ ഇത് അഞ്ചാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. നാലു ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ബൗളറര്‍മാരില്‍ രണ്ടാമതെത്താനും ഇന്നത്തെ പ്രകടനത്തോടെ അക്സറിനായി.
നാലു ടെസ്റ്റിലെ ഏഴ് ഇന്നിംഗ്സില്‍ അഞ്ച് തവണയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അക്സര്‍ ഓസ്ട്രേലിയയുടെ ടോം റിച്ചാര്‍ഡ്സണ്‍, റോഡ്നി ഹോഗ് എന്നിവര്‍ക്കൊപ്പമാണ് റെക്കോര്‍ഡ് പങ്കിട്ടത്. നാലു ടെസ്റ്റില്‍ ആറ് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ചാര്‍ലി ടര്‍ണറാണ് ഏറ്റവും മുന്നില്‍. ഇതുവരെ കളിച്ച നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിംഗ്സുകളില്‍, 2-40, 5-60, 6-38, 5-32, 4-68, 5-48, 5-62 എന്നിങ്ങനെയാണ് അക്സറിന്‍റെ ബൗളിംഗ് പ്രകടനം. ഇത് ആറാം തവണയാണ് അക്സര്‍ ടെസ്റ്റില്‍ നാലോ അതില്‍ കൂടുതലോ വിക്കറ്റെടുക്കുന്നത്.
റെക്കോര്‍ഡിട്ടും സഹതാരങ്ങള്‍ കളിയാക്കുന്നുവെന്ന് അക്സര്‍
ഏഴ് ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റെടുത്തതിന് തന്നെ സഹതാരങ്ങള്‍ കളിയാക്കുകയാണെന്ന് അക്സര്‍ മൂന്നാം ദിനത്തിലെ കളിക്കുശേഷം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ സ്വപ്നതുല്യമാ തുടക്കമാണ് തനിക്ക് ലഭിച്ചതെന്നും അക്സര്‍ പറഞ്ഞു. മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിനെ പിടിച്ചുകെട്ടുക ബുദ്ധിമുട്ടായിരുന്നു. ഏത് സമയത്തും വിക്കറ്റ് വീഴാവുന്ന പിച്ചാണെങ്കിലും പിടിച്ചു നില്‍ക്കുന്ന ബാറ്റര്‍മാക്ക് റണ്‍ കണ്ടെത്താനും കഴിയും. അതുകൊണ്ടുതന്നെ ലൈനിലും ലെംഗ്‌ത്തിലും സ്ഥിരത പുലര്‍ത്തേണ്ടത് അനിവാര്യമായിരുന്നു.
ക്രീസ് നല്ലപോലെ ഉപയോഗിച്ച് പന്തെറിയാനായതാണ് എനിക്ക് ഗുണകരമായത്. എന്‍റെ റൗണ്ട് ആം ആക്ഷനും ഈ പിച്ചില്‍ ഫലപ്രദമായി. ക്രീസിന്‍റെ പുറത്തു നിന്ന് പന്തെറിഞ്ഞത് കിവീസ് ബാറ്റര്‍മാരെ ബുദ്ധിമുട്ടിലാക്കി എന്നാണ് ഞാന്‍ കരുതുന്നത്. പിച്ച് കൂടുതല്‍ സ്ലോ ആവുകയാണെന്നും കൂടുതല്‍ ടേണ്‍ ലഭിക്കുന്നുണ്ടെന്നും അക്സര്‍ പറഞ്ഞു.