IND v NZ : കാണ്‍പൂരില്‍ സ്പോര്‍ട്ടിംഗ് പിച്ച് തയാറാക്കിയ ഗ്രൗണ്ട് സ്റ്റാഫിന് ദ്രാവിഡിന്‍റെ സമ്മാനം
സ്പിന്നര്‍മാരെയും പേസര്‍മാരെയും പിച്ച് ഒരുപോലെ സഹായിച്ചു. ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലുമായി വീണ 17 വിക്കറ്റുകളില്‍ 14 എണ്ണവും വീഴ്ത്തിയത് കിവീസ് പേസര്‍മാരായ കെയ്ല്‍ ജയ്മിസണും ടിം സൗത്തിയും ചേര്‍ന്നായിരുന്നു. മറുവശത്ത് കിവീസ് നിരയില്‍ വീണ 19 വിക്കറ്റുകളില്‍ 17 ഉം വീഴ്ത്തിയതാകട്ടെ ഇന്ത്യന്‍ സ്പിന്നര്‍മാരും.

കാണ്‍പൂര്‍: ഇന്ത്യക്കെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിനിറങ്ങും(IND v NZ) മുമ്പ് സ്പിന്‍ കെണിയാണോ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു ന്യൂസിലന്‍ഡിന്‍റെ ആശങ്ക. എന്നാല്‍ ബാറ്റര്‍മാരായും ബൗളര്‍മാരെയും ഒരുപോലെ തുണക്കുന്ന അഞ്ച് ദിവസവും പ്രകടമായ വ്യത്യാസങ്ങളൊന്നും വരാതിരുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റായിരുന്നു കാണ്‍പൂരില്‍ ക്യൂറേറ്റര്‍ ശിവ് കുമാറും സംഘവും തയാറാക്കിയത്. പന്ത് പലപ്പോഴും അപ്രതീക്ഷിതമായി താഴ്ന്നു വന്നിരുന്നത് ഒഴിച്ചാല്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍ക്കും തുല്യ സാധ്യതയുള്ള പിച്ചായിരുന്നു കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്കിലേത്(Green Park).
സ്പിന്നര്‍മാരെയും പേസര്‍മാരെയും പിച്ച് ഒരുപോലെ സഹായിച്ചു. ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലുമായി വീണ 17 വിക്കറ്റുകളില്‍ 14 എണ്ണവും വീഴ്ത്തിയത് കിവീസ് പേസര്‍മാരായ കെയ്ല്‍ ജയ്മിസണും ടിം സൗത്തിയും ചേര്‍ന്നായിരുന്നു. മറുവശത്ത് കിവീസ് നിരയില്‍ വീണ 19 വിക്കറ്റുകളില്‍ 17 ഉം വീഴ്ത്തിയതാകട്ടെ ഇന്ത്യന്‍ സ്പിന്നര്‍മാരും. പിടിച്ചു നില്‍ക്കാന്‍ ക്ഷമകാട്ടിയ ബാറ്റര്‍മാര്‍ക്കെല്ലാം റണ്‍സ് കണ്ടെത്താനുമായി. അഞ്ചാം ദിനം പൊടിപാറുന്ന പിച്ച് പ്രതീക്ഷിച്ചവരെപ്പോലും അമ്പരപ്പിച്ച പിച്ച് അഞ്ച് ദിവസവും മികച്ച നിലവാരം കാത്തു സൂക്ഷിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ മികച്ച പിച്ചൊരുക്കിയ കാണ്‍പൂരിലെ ഗ്രൗണ്ട് സ്റ്റാഫിന് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്(Rahul Dravid) വ്യക്തിപരമായ നിലയില്‍ 35000 രൂപ പാരിതോഷികമായി നല്‍കിയെന്ന് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മികച്ച സ്പോര്‍ട്ടിംഗ് വിക്കറ്റൊരുക്കിയതിനാണ് സമ്മാനമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാണ്‍പൂര്‍ ടെസ്റ്റില്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്താണ് സമനില സ്വന്തമാക്കിയത്. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങള്‍ അഞ്ചാം ദിനം അവസാന സെഷനിലേക്ക് പോകുന്നത് സമീപകാലത്ത് അപൂര്‍വമായിരിക്കെയാണ് കാണ്‍പൂര്‍ ടെസ്റ്റ് അവസാന സെഷനിലെ അവസാന പന്ത് വരെ ആവേശകരമായത്.