ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന റുതുരാജ് ഗെയ്‌ക്‌വാദ് കിവീസിനെതിരെ ബാറ്റിംഗ് നിരയില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ജയ്‌പൂര്‍: ടി20 ലോകകപ്പിലെ((T20 World Cup) ) നിരാശ മാറ്റാന്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ(IND v NZ) ടി20 പരമ്പരക്ക് ഇറങ്ങുകയാണ്. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയാണ് ഇന്ത്യ കിവീസിനെതിരെ ടീമിനെ തെരഞ്ഞെടുത്തത്.

അതില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad) മുതല്‍ കൊല്‍ക്കത്തയുടെ താരോദയമായ വെങ്കടേഷ് അയ്യര്‍(Venkatesh Iyer) വരെയുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന റുതുരാജ് ഗെയ്‌ക്‌വാദ് കിവീസിനെതിരെ ബാറ്റിംഗ് നിരയില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ഐപിഎല്ലിലെ ടോപ് സ്കോററായ ഗെയ്‌ക്‌വാദിനെ പ്രശംസ കൊണ്ട് മൂടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍(Graeme Swann).

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അസാമാന്യ പ്രകടനമാണ് റുതുരാജ് കാഴ്ചവെച്ചതെന്ന് പറഞ്ഞ സ്വാന്‍ അയാള്‍ ഇന്ത്യക്കായി കളിക്കുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് താനെന്നും വ്യക്തമാക്കി. ഐപിഎല്ലില്‍ താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളില്‍ ചിലത് റുതുരാജില്‍ നിന്നായിരുന്നു. അബുദാബിയില്‍ റുതുരാജ് നേടിയ സെഞ്ചുറിയൊക്കെ അസാമാന്യമെന്നെ വിശേഷിപ്പിക്കാനാവു.

ഹസി അന്നേ പറഞ്ഞു...

ഏതാനും വര്‍ഷം മുമ്പ് മുന്‍ ചെന്നൈ താരം കൂടിയായ മൈക് ഹസി എന്നോട് പറഞ്ഞിരുന്നു. വെടിച്ചില്ലുപോലൊരു കളിക്കാരന്‍ എത്തിയിട്ടുണ്ടെന്ന്. അവനില്‍ ഒരു കണ്ണുവെച്ചോളാനും. അയാള്‍ ഐപിഎല്ലില്‍ തിളങ്ങുന്നതിന് മുമ്പായിരുന്നു ഇത്. പക്ഷെ അന്നേ അയാളുടെ മികവ് ഹസിക്ക് തിരിച്ചറിയാനായിരുന്നുവെന്നും സ്വാന്‍ പറഞ്ഞു.

പരിക്കിന്‍റെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യരെയും സ്വാന്‍ പ്രശംസിച്ചു. അയ്യരുടെ ബാറ്റിംഗ് കണ്ടിരിക്കാന്‍ തന്നെ രസമാണ്. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ക്കുശേഷം അദ്ദേഹം വീണ്ടും ടീമിലെത്തിയിരിക്കുന്നു. ചില അസാമാന്യ പ്രകടനങ്ങളും ശരാശരിയ പ്രകടനങ്ങളും അയ്യരില്‍ നിന്നുണ്ടായി. അതെല്ലാം മറികടന്ന് അദ്ദേഹം വീണ്ടും ടീമിലെത്തിയിരിക്കുന്നു. ഇത്തവണ മികച്ച പ്രകടനമാണ് അയ്യരില്‍ നിന്ന് അവരും പ്രതീക്ഷിക്കുന്നത്. വരും കാലത്ത് ഗെയ്‌ക്‌വാദും അയ്യരുമായിരിക്കും ഇന്ത്യയുടെ ടോപ് ഫോറില്‍ ഉറപ്പായും ഉണ്ടായിരിക്കുന്ന രണ്ടുപേരെന്നും സ്വാന്‍ പറഞ്ഞു.