Asianet News MalayalamAsianet News Malayalam

IND v NZ : തിരിച്ചടിച്ച് കിവീസ്, ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനാവാതെ ഇന്ത്യ

കാണ്‍പൂരിലെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ വിക്കറ്റ് കൊയ്തെടുക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷ തെറ്റി. ഇന്ത്യയുടെ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ലാഥമും യംഗും കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. പേസര്‍മാരെ ശ്രദ്ധയോടെ നേരിട്ട് വിക്കറ്റ് കളയാതെ ഇരുവരും പിടിച്ചു നിന്നതോടെ സ്പിന്നര്‍മാര്‍ കളത്തിലിറങ്ങിയാല്‍ കലിമാറുമെന്ന ഇന്ത്യന്‍ പ്രതീക്ഷയും തെറ്റി.

IND v NZ : New Zealand fights back, Score 129 for no loss on Day
Author
Kanpur, First Published Nov 26, 2021, 5:19 PM IST

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 345 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ്. 75 റണ്‍സോടെ വില്‍ യംഗും(Will Young) 50 റണ്‍സുമായി ടോം ലാഥമും(Tom Latham) ക്രീസില്‍. പത്തു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കിവീസിന് 216 റണ്‍സ് കൂടി വേണം.

വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ

കാണ്‍പൂരിലെ പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ വിക്കറ്റ് കൊയ്തെടുക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷ തെറ്റി. ഇന്ത്യയുടെ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ലാഥമും യംഗും കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. പേസര്‍മാരെ ശ്രദ്ധയോടെ നേരിട്ട് വിക്കറ്റ് കളയാതെ ഇരുവരും പിടിച്ചു നിന്നതോടെ സ്പിന്നര്‍മാര്‍ കളത്തിലിറങ്ങിയാല്‍ കലിമാറുമെന്ന ഇന്ത്യന്‍ പ്രതീക്ഷയും തെറ്റി. പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും സ്പിന്നര്‍മാര്‍ക്ക് ലഭിക്കാതിരുന്നതോടെ 14 ഓവര്‍ എറിഞ്ഞ അശ്വിനും 17 ഓവര്‍ എറിഞ്ഞ രവീന്ദ്ര ജഡേജക്കും 10 ഓവര്‍ എറിഞ്ഞ അക്സര്‍ പട്ടേലിനും കിവീസിനെ പ്രതിരോധത്തിലാക്കാനായില്ല.

രണ്ടാം ദിനം 57 ഓവര്‍ ബാറ്റഅ ചെയ്ത വിന്‍ഡീസ് ഓപ്പണര്‍മാര്‍ കൂടുതല്‍ കരുതലെടുത്തത് കിവീസിന്‍റെ സ്കോറിംഗ് നിരക്ക് കുറച്ചുവെന്ന് മാത്രം. മൂന്നാം ദിനം മുതല്‍ സ്പിന്നിനെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ കിവീസിനെ എത്രയുും വേഗം പുറത്താക്കാനാവും ഇന്ത്യ ശ്രമിക്കുക. രണ്ടാം ദിനം അവസാന സെഷനില്‍ തന്നെ സ്പിന്നര്‍മാര്‍ക്ക് ചെറിയ സഹായം പിച്ചില്‍ നിന്ന് ലഭിച്ചു തുടങ്ങിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ശ്രേയസിന്‍റെ തോളിലേറി ഇന്ത്യ

രണ്ടാം ദിനം അഞ്ചിന് 258 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്  രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ്. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലു കൂട്ടിച്ചേര്‍ക്കാനാവാതെയാണ് ജഡേജ (50)മടങ്ങിയത്. ടിം സൗത്തിയുടെ പന്തില്‍ ജഡേജ ബൗള്‍ഡായി. പിന്നാലെ ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ (1) നിരാശപ്പെടുത്തി. സൗത്തിയുടെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച്.

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുന്തൂണായത് ശ്രേയസ് അയ്യരായിരുന്നു. 105 റണ്‍സെടുത്ത ശ്രേയസ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും ഇന്ത്യക്കായി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരവുമാണ്  ശ്രേയസ്. 13 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പാതിമലയാളിയായ ശ്രേയസിന്‍റെ ഇന്നിംഗ്‌സ്.

സെഞ്ചുറിക്ക് പിന്നാലെ ശ്രേയസും സൗത്തിക്ക് വിക്കറ്റ് നല്‍കി. അക്‌സര്‍ പട്ടേല്‍ സൗത്തിയുടെ തന്നെ പന്തില്‍ ബ്ലണ്ടലിന് ക്യാച്ച് നല്‍കി. ആര്‍ അശ്വിന്‍ (38), ഇശാന്ത് ശര്‍മ (0) എന്നിവരെ അജാസ് പട്ടേല്‍ മടങ്ങിയതോടെ ഇന്ത്യ കൂടാരം കയറി.

Follow Us:
Download App:
  • android
  • ios