IND v NZ : അക്സറിന് പിന്നില്‍ രണ്ടാമനായിട്ടും വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് അശ്വിന്‍
കിവീസ് ഇന്നിംഗ്സില്‍ ഓപ്പണര്‍ വില്‍ യംഗിനെ പുറത്താക്കിയാണ് അശ്വിന്‍ ഈ വര്‍ഷം ഏറ്റുവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. പിന്നീട് ജയ്മിസണെയും സോമര്‍വില്ലയെയും മടക്കി അശ്വിന്‍ വിക്കറ്റ് നേട്ടം 43 ആക്കി. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കളിക്കുന്ന അഫ്രീദി ഇന്ന് രണ്ട് വിക്കറ്റെടുത്തിരുന്നു.

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) അക്സര്‍ പട്ടേല്‍(Axar Patel) അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍(R Ashwin) മൂന്ന് വിക്കറ്റെടുത്ത് രണ്ടാമനായിപ്പോയെങ്കിലും വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് ഇന്ന് അശ്വിന്‍ സ്വന്തമാക്കി. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടമാണ് കിവീസിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍റെ പേരിലായത്. 41 വിക്കറ്റാണ് ഈ വര്‍ഷം ടെസ്റ്റില്‍ അശ്വിന്‍ സ്വന്തമാക്കിയത്. 40 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെയാണ്(Shaheen Afridi) അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ പിന്തള്ളിയത്.
കിവീസ് ഇന്നിംഗ്സില്‍ ഓപ്പണര്‍ വില്‍ യംഗിനെ പുറത്താക്കിയാണ് അശ്വിന്‍ ഈ വര്‍ഷം ഏറ്റുവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. പിന്നീട് ജയ്മിസണെയും സോമര്‍വില്ലയെയും മടക്കി അശ്വിന്‍ വിക്കറ്റ് നേട്ടം 43 ആക്കി. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കളിക്കുന്ന അഫ്രീദി ഇന്ന് രണ്ട് വിക്കറ്റെടുത്തിരുന്നു.
അക്രത്തെ പിന്നിലാക്കി അശ്വിന്‍
ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മറ്റൊരു ഇതിഹാസത്തെ കൂടി അശ്വിന്‍ ഇന്ന് മറികടന്നു. കെയ്ല്‍ ജയ്മിസണെ പുറത്താക്കിയതോടെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ പാക് പേസ് ഇതിഹാസം വസീം അക്രമിന്‍റെ 414 വിക്കറ്റെന്ന നേട്ടം അശ്വിന്‍ മറികടന്നു. 80 ടെസ്റ്റില്‍ നിന്ന് 416 വിക്കറ്റാണ് അശ്വിന്‍റെ ഇതുവരെയുള്ള നേട്ടം. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഓഫ് സ്പിന്നറെന്ന നേട്ടം അശ്വിന് സ്വന്തമാക്കാനാവും. 103 ടെസ്റ്റില്‍ 417 വിക്കറ്റെടുത്തിട്ടുള്ള ഹര്‍ഭജന്‍ സിംഗിനെയാണ് അശ്വിന്‍ മറികടക്കുക. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റെടുത്തിട്ടുള്ള അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍.
2011ല്‍ ടെസ്റ്റില്‍ അരങ്ങേറിയ അശ്വിന്‍ കരിയറില്‍ ഇതുവരെ 30 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഏഴ് പത്ത് വിക്കറ്റ് നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 345 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് മൂന്നാം ദിനം 296 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.