രഹാനെ നിലവാരമുള്ള കളിക്കാരനാണ്. ഇന്ത്യക്കായി മുമ്പ് നിരവധി തവണ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരം. അദ്ദേഹത്തെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന് ഏത് സമയവും ഫോമിലേക്ക് മടങ്ങിയെത്താനാവും. അത് അദ്ദേഹത്തിനും അറിയാം, ഞങ്ങള്‍ക്കും അറിയാം-ദ്രാവിഡ് പറഞ്ഞു.

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും(IND v NZ ) തിളങ്ങാന്‍ കഴിയാതിരുന്ന അജിങ്ക്യാ രഹാനെയെ(Ajinkya Rahane) പിന്തുണച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul dravid). കാണ്‍പൂര്‍ ടെസ്റ്റിന്‍റെ(Kanpur Test) ആദ്യ ഇന്നിംഗ്സില്‍ രഹാനെ 35 ഉം രണ്ടാം ഇന്നിംഗ്സില്‍ നാലും റണ്ണെടുത്ത് പുറത്തായിരുന്നു. ഈ വര്‍ഷം കളിച്ച 12 ടെസ്റ്റുകളില്‍ രഹാനെയുടെ ബാറ്റിംഗ് ശരാശരി 20ല്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രഹാനെയെ പുറത്തിരുത്തുമെന്ന റിപ്പോര്‍ട്ടുകളോട് ദ്രാവിഡ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

രഹാനെ നിലവാരമുള്ള കളിക്കാരനാണ്. ഇന്ത്യക്കായി മുമ്പ് നിരവധി തവണ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരം. അദ്ദേഹത്തെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന് ഏത് സമയവും ഫോമിലേക്ക് മടങ്ങിയെത്താനാവും. അത് അദ്ദേഹത്തിനും അറിയാം, ഞങ്ങള്‍ക്കും അറിയാം-ദ്രാവിഡ് പറഞ്ഞു.

മുംബൈ ടെസ്റ്റില്‍ അയ്യര്‍ പുറത്തിരിക്കുമോ ?

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലി(Virat Kohli) തിരിച്ചെത്തുമ്പോള്‍ രഹാനെയെ നിലനിര്‍ത്താനായി ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരെ(Shreas Iyer) പുറത്തിരുത്തുമോ എന്ന ചോദ്യത്തോടും ദ്രാവിഡ് പ്രതികരിച്ചു. അടുത്ത ടെസ്റ്റിലെ പ്ലേയിംഗ് ഇലവന്‍റെ കാര്യം ഇപ്പോഴെ തീരുമാനിച്ചിട്ടില്ല. അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നതും ശരിയല്ല. ഇന്ന് ഈ കളിയില്‍ മാത്രമായിരുന്നു ശ്രദ്ധ. അടുത്ത ടെസ്റ്റിനായി മുംബൈയിലെത്തിയശേഷം കളിക്കാരുടെ കായികക്ഷമതയും ഫോമും പരിഗണിച്ചശേഷം ക്യാപ്റ്റന്‍ വിരാട് കോലിയുമായി ചര്‍ച്ച ചെയ്ത് തീരുമാനെമടുക്കും.

അയ്യരെ പുകഴ്ത്തി ദ്രാവിഡ്

അതേസമയം, ആദ്യ ടെസ്റ്റില്‍ അയ്യര്‍ പുറത്തെടുത്ത മികവിനെ അഭിനന്ദിക്കാനും ദ്രാവിഡ് മറന്നില്ല. ആദ്യ ടെസ്റ്റ് കളിക്കുന്ന അയ്യര്‍ പുറത്തെടുത്ത മികവ് അടിസ്ഥാനതലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മികവാണ് കാണിക്കുന്നതെന്നും ഇന്ത്യ എ ടീമിനു വേണ്ടിയും മുംബൈക്കായും മികച്ച പ്രകടനം പുറത്തെടുത്തശേഷമാണ് അയ്യര്‍ ഇന്ത്യക്കായി അരങ്ങേറിയതെന്നും ദ്രാവിഡ് പറഞ്ഞു.

ടീമിലെ എല്ലാ കളിക്കാരും പൂര്‍ണമായും ഫിറ്റായിരുന്നെങ്കില്‍ ഒരുപക്ഷെ അയ്യര്‍ക്ക് അവസരം ലഭിക്കില്ലായിരുന്നു. എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ അത് അദ്ദേഹം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരിയുള്ള കളിക്കാരനാണ് അയ്യരെന്നും ദ്രാവിഡ് പറഞ്ഞു.