എന്നാല്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമ കരുതലോടെ കളിച്ചപ്പോള്‍ ക്ലാസന്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചു. സ്പിന്നര്‍മാരെ കടന്നാക്രമിച്ച ക്ലാസന്‍ ചാഹലിന്‍റെ ഒരോവറില്‍ 13 റണ്‍സും അക്സര്‍ പട്ടേലിന്‍റെ ഒരോവറില്‍ 19 റണ്‍സും അടിച്ച് കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കി.

കട്ടക്ക്: ഹെന്‍റിച്ച് ക്ലാസന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ഡേവിഡ് മില്ലറുടെ ഫിനിഷിംഗിന്‍റെയും മികവില്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക(India vs South Africa). ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി. 46 പന്തില്‍ 81 റണ്‍സെടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മില്ലര്‍ 15 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റുമായി തിളങ്ങി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 148-6, ദക്ഷിണാഫ്രിക്ക ഓവറില്‍ 18.2 ഓവറില്‍ 149-6.

തുടക്കത്തില്‍ ഞെട്ടിച്ച് ഭുവി, തിരിച്ചടിയുമായി ക്ലാസന്‍

പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്കയുടെ തലയരിഞ്ഞ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയതായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്സിനെ(4) ക്ലീന്‍ ബൗള്‍ഡാക്കിയ ഭുവി തന്‍റെ രണ്ടാം ഓവറില്‍ പ്രിട്ടോറിയസിനെ(4) ആവേശ് ഖാന്‍റെ കൈകളിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ വാന്‍ഡര്‍ ഡസ്സനെ കൂടി ക്ലീന്‍ ബൗള്‍ഡാക്കിയ ഭുവി ദക്ഷിണാഫ്രിക്കയെ 29-3ലേക്ക് തള്ളിയിട്ടു. പത്തോവര്‍ കഴിഞ്ഞപ്പോള്‍ 57-3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

Scroll to load tweet…

എന്നാല്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമ കരുതലോടെ കളിച്ചപ്പോള്‍ ക്ലാസന്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചു. സ്പിന്നര്‍മാരെ കടന്നാക്രമിച്ച ക്ലാസന്‍ ചാഹലിന്‍റെ ഒരോവറില്‍ 13 റണ്‍സും അക്സര്‍ പട്ടേലിന്‍റെ ഒരോവറില്‍ 19 റണ്‍സും അടിച്ച് കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കി. 30 പന്തില്‍ 35 റണ്‍സെടുത്ത ബാവുമയെ ചാഹല്‍ ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും ക്ലാസന്‍ മറുവശത്ത് അടി തുടര്‍ന്നു.

അവസാന അഞ്ചോവറില്‍ 34 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ചാഹല്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ക്ലാസന്‍ രണ്ടും മില്ലര്‍ ഒരു സിക്സും പറത്തി 23 റണ്‍സടിച്ചതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. വിജയത്തിനരികെ ക്ലാസനെ(46 പന്തില്‍ 81) ഹര്‍ഷല്‍ പട്ടേല്‍ മടക്കി. വെയ്ന്‍ പാര്‍ണലിനെ(1) ഭുവിയും വീഴ്ത്തിയെങ്കിലും മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.

Scroll to load tweet…

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 13 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ നാലോവറില്‍ 49 റണ്‍സിന് ഒരു വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ മൂന്നോവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സെടുത്തത്. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 21 പന്തില്‍ 30 റണ്‍സുമായി അവസാന രണ്ടോവറില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ രണ്ട് വിക്കറ്റെടുത്തു.