വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്ക്, ഒരവസരത്തില്‍ ടീം 22-4! എന്നിട്ടും അവിശ്വസനീയ മടങ്ങിവരവില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. 

ബെംഗളൂരു: രോഹിത് ശര്‍മ്മ, റിങ്കു സിംഗ് എന്നിവരെ നമിക്കണം! അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഒരവസരത്തില്‍ 22-4 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് അഞ്ചാം വിക്കറ്റിലെ 190 റണ്‍സ് കൂട്ടുകെട്ടില്‍ പടുകൂറ്റന്‍ സ്കോര്‍ ഒരുക്കി രോഹിത്-റിങ്കു സഖ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് സെഞ്ചുറിയും റിങ്കു ഫിഫ്റ്റിയും അടിച്ചപ്പോള്‍ ടീം 20 ഓവറില്‍ അതേ 4 വിക്കറ്റിന് 212 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തി. രോഹിത് 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന ഓവറില്‍ കരീം ജനാത്തിനെ 36 റണ്‍സടിച്ച് ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു രോഹിത് ശര്‍മ്മയും റിങ്കു സിംഗും. 

കൂട്ടതകര്‍ച്ച

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. അഫ്ഗാന്‍ ബൗളര്‍മാരുടെ ഷോര്‍ട് പിച്ച് പന്തുകള്‍ വിനയായി. പേസര്‍ ഫരീദ് അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ യശസ്വി ജയ്സ്വാള്‍ 4 റണ്‍സിനും നാലാം ബോളില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായും മടങ്ങി. ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ജയ്സ്വാളിനെ മുഹമ്മദ് നബിയും കോലിയെ ഇബ്രാഹിം സദ്രാനുമാണ് പിടികൂടിയത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ പന്ത് പ്രതിരോധിച്ച് ഹാട്രിക് ഭീഷണി ഒഴിവാക്കി. എന്നാല്‍ ഇന്നിംഗ്‌സിലെ നാലാം ഓവറിലെ അവസാന പന്തില്‍ അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ബാറ്റ് വെച്ച ദുബെ (6 പന്തില്‍ 1) വിക്കറ്റിന് പിന്നില്‍ ഗുര്‍ബാസിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങി.

സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്ക്

പിന്നാലെ ക്രീസിലെത്തി ആദ്യ പന്തില്‍ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി. വീണ്ടും ഫരീദിന്‍റെ ഷോര്‍ട് ബോളാണ് ഇന്ത്യക്ക് വിനയായത്. ഇതോടെ 4.3 ഓവറില്‍ ഇന്ത്യ 22-4 എന്ന നിലയില്‍ വിയര്‍ത്തു. ഇതിന് ശേഷം അഞ്ചാം വിക്കറ്റില്‍ രോഹിത് ശര്‍മ്മ-റിങ്കു സിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 

രോഹിത്-റിങ്കു രക്ഷാപ്രവര്‍ത്തനം

12-ാം ഓവറില്‍ ഷറഫുദ്ദീന്‍ അഷ്റഫിനെയും 13-ാം ഓവറില്‍ ഖ്വായിസ് അഹമ്മദിനെയും പറത്തിയ രോഹിത് ശര്‍മ്മ 41 പന്തില്‍ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത ഓവറില്‍ ഇന്ത്യ 100 കടന്നു. 18-ാം ഓവറില്‍ ടീം 150 തൊട്ടു. ഇതിനിടെ 19-ാം ഓവറില്‍ അസ്മത്തുള്ളയെ തുടര്‍ച്ചയായ സിക്സിനും രണ്ട് ഫോറുകള്‍ക്കും പറത്തി രോഹിത് ശര്‍മ്മ 64 ബോളില്‍ ഐതിഹാസിക സെഞ്ചുറി തികച്ചു. ഇതേ ഓവറിലെ അവസാന പന്തില്‍ സിക്സുമായി റിങ്കു സിംഗ് 36 ബോളില്‍ ഫിഫ്റ്റി തികച്ചു. അവസാന ഓവറില്‍ ജനാത്തിനെ 36 അടിച്ച ടീം ഇന്ത്യ പടുകൂറ്റന്‍ സ്കോറിലെത്തി. അവസാന അഞ്ചോവറില്‍ 103 റണ്‍സാണ് രോഹിത്തും റിങ്കുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 

മൂന്ന് വീതം മാറ്റം

പരമ്പരയിലെ അവസാന മത്സരത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുക ലക്ഷ്യമിട്ട് മൂന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും മൈതാനത്തെത്തിയത്. ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണും സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് പകരം ആവേഷ് ഖാനും പ്ലേയിംഗ് ഇലവനിലെത്തി

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍. 

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നൈബ്, അസമത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജനാത്ത്, ഷറഫുദ്ദീന്‍ അഷ്റഫ്, ഖ്വായിസ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്. 

Read more: ചിന്നസ്വാമി സഞ്ജു സാംസണ്‍ ഫാന്‍സ് ഇങ്ങ് എടുക്കുവാ; രോഹിത് ശര്‍മ്മ പേര് പ്രഖ്യാപിച്ചതും ഇരമ്പി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം