ടോസ് വേളയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജുവിന്‍റെ പേര് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രഖ്യാപിച്ചതും ഗ്യാലറി ഇളകിമറിഞ്ഞു

ബെംഗളൂരു: ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് ടീം ഇന്ത്യ അവസരം നല്‍കിയിരിക്കുകയാണ്. ആദ്യ രണ്ട് ടി20യിലും സഞ്ജുവിനെ ബഞ്ചില്‍ കണ്ട് തൃപ്തിയടയേണ്ടിവന്ന ആരാധകര്‍ അതുകൊണ്ട് തന്നെ ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ വമ്പന്‍ പ്രഖ്യാപനം ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. 

അഫ്ഗാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ മൂന്ന് മാറ്റങ്ങളാണ് ടീം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തിയത്. ഇതിലൊന്ന് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരവായിരുന്നു. ടോസ് വേളയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജുവിന്‍റെ പേര് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രഖ്യാപിച്ചതും ഗ്യാലറി ഇളകിമറിഞ്ഞു. സഞ്ജുവിന് വേണ്ടിയുള്ള ആരാധകരുടെ ഹര്‍ഷാരവം കണ്ട് രോഹിത് പുഞ്ചിരിക്കുന്നതും ടോസ് വേളയില്‍ ആരാധകര്‍ തല്‍സമയം കണ്ടു. 

വീഡിയോ കാണാം

Scroll to load tweet…

ട്വന്‍റി 20 പരമ്പര 3-0ന് തൂത്തുവാരാന്‍ ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് ടി20കളും ആറ് വിക്കറ്റിന് ടീം വിജയിച്ചിരുന്നു. സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് പകരം ആവേഷ് ഖാനും ഇലവനിലെത്തിയതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ മറ്റ് മാറ്റങ്ങള്‍. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍. 

Read more: സഞ്ജു സാംസണിന് ലാസ്റ്റ് ബസ്, ഒടുവില്‍ ഇലവനില്‍; ഇന്ത്യ-അഫ്ഗാന്‍ മൂന്നാം ട്വന്‍റി 20ക്ക് ടോസ് വീണു