ട്വന്‍റി 20 ഫോര്‍മാറ്റില്‍ അതികായകനായി വിലസുമ്പോഴും സൂര്യകുമാര്‍ യാദവിന് ഏകദിന ഫോര്‍മാറ്റ് വഴങ്ങിയിരുന്നില്ല

മൊഹാലി: ഓസ്ട്രേലിയക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് തിളങ്ങിയിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ തിളങ്ങാനാവാത്തതിന് ഏറെ പഴി കേട്ടിട്ടുള്ള സ്കൈ 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്ത ശേഷമാണ് മടങ്ങിയത്. ഫോര്‍മാറ്റില്‍ സൂര്യയുടെ മൂന്നാമത്തെ മാത്രം ഫിഫ്റ്റിയാണിത്. ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് സ്‌ക്വാഡിലും ഓസീസിനെതിരായ പരമ്പരയിലും ടീമിലെടുത്തതില്‍ ഏറെ വിമര്‍ശിച്ചവര്‍ക്കുള്ള സൂര്യയുടെ മറുപടി കൂടിയായി ഈ പ്രകടനം.

ട്വന്‍റി 20 ഫോര്‍മാറ്റില്‍ അതികായകനായി വിലസുമ്പോഴും സൂര്യകുമാര്‍ യാദവിന് ഏകദിന ഫോര്‍മാറ്റ് വഴങ്ങിയിരുന്നില്ല. ഇതോടെ വലിയ വിമര്‍ശനം കേട്ടിരുന്ന താരം ഓസീസിനെതിരായ ആദ്യ ഏകദിനത്തിലെ അര്‍ധസെഞ്ചുറിയുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. മത്സര ശേഷമുള്ള പ്രതികരണത്തിലും ഏകദിന ഫോര്‍മാറ്റിലെ തന്‍റെ ലക്ഷ്യങ്ങളെ കുറിച്ച് സൂര്യക്ക് ഏറെ പറയാനുണ്ടായിരുന്നു. 'ഏകദിന ഫോര്‍മാറ്റ് കളിച്ച് തുടങ്ങുമ്പോഴേ ഇത്തരം ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള ആഗ്രഹം മനസിലുണ്ടായിരുന്നു. ഏറെ നേരം ബാറ്റ് ചെയ്യുകയും മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യുക. എന്നാല്‍ ഇന്ന് ഫിനിഷിംഗ് പറ്റിയില്ല. എങ്കിലും മത്സരഫലത്തില്‍ ഏറെ സന്തുഷ്‌ടനാണ്. എനിക്കെന്താണ് ഈ ഫോര്‍മാറ്റില്‍ സംഭവിക്കുന്നത് എന്നത് ആശ്ചര്യപ്പെടുത്തിയിരുന്നു. വേഗം കളിക്കാന്‍ ശ്രമിക്കുന്നതാണ് പാരയാകുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സാവധാനം, കാലുറപ്പിച്ച് കളിക്കാനാണ് ഇന്ന് ശ്രമിച്ചത്. സ്വീപ് ഷോട്ട് കളിക്കാത്ത ആദ്യ മത്സരമാണിത് എന്ന് തോന്നുന്നു. ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്യുന്നത് ആസ്വദിച്ചു. അത് തുടരാനാണ് ഞാന്‍ ശ്രമിച്ചത്. ക്രീസില്‍ കാലുറപ്പിക്കുക, മത്സരം ജയിപ്പിക്കുക എന്നതാണ് ലക്ഷ്യം' എന്നും സൂര്യകുമാര്‍ യാദവ് ജയത്തിന് ശേഷം പറ‌ഞ്ഞു.

മൊഹാലിയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ 277 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്കായി നാല് താരങ്ങൾ അര്‍ധസെഞ്ച്വറി നേടി. ശുഭ്മാൻ ഗിൽ 74 ഉം, റുതുരാജ് ഗെയ്‌ക്‌വാദ് 71 ഉം, ക്യാപ്റ്റൻ കെ എൽ രാഹുൽ 58* ഉം, സൂര്യകുമാര്‍ യാദവ് 50 ഉം റണ്‍സെടുത്തു. ജയിക്കാന്‍ 12 റണ്‍സ് മാത്രം വേണ്ട സമയത്താണ് സൂര്യ പുറത്തായത്. ജയത്തോടെ ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 

Read more: 'കുല്‍ദീപ് യാദവിനെ നമുക്ക് ടീമിലെടുക്കാന്‍ പറ്റില്ലല്ലോ, അതാണ് പ്രശ്‌നം'; ട്രോളി ഇന്‍സമാം ഉള്‍ ഹഖ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം