ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിൽ ഓസ്ട്രേലിയക്കെതിരെ ട്വന്‍റി 20 ടീമിനെ ഇറക്കാനായിരുന്നു ബിസിസിഐ പദ്ധതി
വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി മാറ്റം തുടരുകയാണ്. ഓസ്ട്രേലിയക്ക് എതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ മധ്യനിര ബാറ്ററും ഫിനിഷറുമായ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. 2021 ജനുവരിക്ക് ശേഷം ട്വന്‍റി 20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യയെ നയിക്കുന്ന ഒന്‍പതാമത്തെ ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്.
ഏകദിന ലോകകപ്പിന് ശേഷം ക്യാപ്റ്റൻ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ച് വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിൽ ഓസ്ട്രേലിയക്കെതിരെ ട്വന്‍റി 20 ടീമിനെ ഇറക്കാനായിരുന്നു ബിസിസിഐ പദ്ധതി. എന്നാൽ ഹാര്‍ദിക് പാണ്ഡ്യക്ക് ലോകകപ്പിനിടെ പരിക്കേറ്റത് പദ്ധതികള്‍ താളംതെറ്റിച്ചു. ഇതോടെയാണ് ടീമിനെ നയിക്കാൻ ട്വന്‍റി 20യിലെ സ്റ്റാര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിന് അവസരം കിട്ടിയത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനെയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനേയും നയിച്ച് പരിചയമുള്ള സൂര്യ ആദ്യമായി ഇന്ത്യൻ നായകന്‍റെ റോളിൽ വരികയാണ്. 2021 ജനുവരിക്ക് ശേഷം ട്വന്‍റി 20യിൽ ഇന്ത്യയെ നയിക്കുന്ന ഒന്‍പതാമത്തെ നായകനാണ് സൂര്യകുമാര്‍ യാദവ്.
വിരാട് കോലി, ശിഖര്‍ ധവാൻ, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ക്കാണ് ഇതിന് മുന്പ് ടീമിനെ നയിക്കാൻ അവസരം കിട്ടിയത്. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശര്‍മ്മ തന്നെയാണ് കൂടുതൽ മത്സരങ്ങളിൽ നയിച്ചത്. ട്വന്‍റി 20 ലോകകപ്പിൽ ഉൾപ്പടെ 32 മത്സരങ്ങളില്‍ ഹിറ്റ്‌മാന്‍ നായകനായി. ഹാര്‍ദിക് പാണ്ഡ്യ 16 ഉം വിരാട് കോലി 10 ഉം മത്സരങ്ങളിൽ ഇന്ത്യൻ നായകനായി. റുതുരാജ് ഗെയ്‌ക്‌വാദ് ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഓസീസിനെതിരായ ട്വന്‍റി 20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ ടീമിനെ നയിക്കാനായാൽ ഇക്കാലയളവിൽ കൂടുതൽ കളികളിൽ ക്യാപ്റ്റനായവരുടെ ലിസ്റ്റിലെ നാലാമനായ റിഷഭ് പന്തിനൊപ്പമെത്താന്‍ സൂര്യകുമാര്‍ യാദവിനാകും.
Read more: കലിപ്പടക്കണം, കടം വീട്ടണം; ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി 20 ഇന്ന്; യുവനിരയില്‍ പ്രതീക്ഷ വച്ച് നീലപ്പട
