ഓസീസ് 9 വിക്കറ്റ് നഷ്‌ടമായി കൂറ്റന്‍ തോല്‍വി ഉറപ്പിച്ച് നില്‍ക്കവേ സ്റ്റീവ് സ്‌മിത്തിന്‍റെ ഓഫ് സ്റ്റംപ് കവരുകയായിരുന്നു രവീന്ദ്ര ജഡേജ
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ വമ്പന്‍ ജയമുറപ്പിച്ചതാണെങ്കിലും നാടകീയമായാണ് മത്സരം അവസാനിച്ചത്. ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്നിംഗ്‌സില്‍ ജഡേജ എറിഞ്ഞ 32-ാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റീവ് സ്‌മിത്ത് ബൗള്‍ഡായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീം ആഘോഷം തുടങ്ങി. എന്നാല്‍ അംപയര്‍ നോബോള്‍ വിളിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസാന വിക്കറ്റ് വീഴ്‌ത്താന്‍ വീണ്ടും കളിക്കേണ്ടിവന്നു.
ഓസീസ് 9 വിക്കറ്റ് നഷ്‌ടമായി കൂറ്റന്‍ തോല്‍വി ഉറപ്പിച്ച് നില്‍ക്കവേ സ്റ്റീവ് സ്‌മിത്തിന്‍റെ ഓഫ് സ്റ്റംപ് കവരുകയായിരുന്നു രവീന്ദ്ര ജഡേജ. വിജയമുറപ്പിച്ച് ടീം ഇന്ത്യ അഹ്‌ളാദം തുടങ്ങുകയും സ്‌റ്റീവ് സ്‌മിത്ത് ഗ്ലൗസൂരി താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ ഓവര്‍-സ്റ്റെപ് ചെയ്‌തതിന് അംപയര്‍ നോബോള്‍ വിളിക്കുകയായിരുന്നു. ഇതോടെ ജഡേജയ്ക്ക് വീണ്ടും പന്തെറിയേണ്ടിവന്നു. കളി തുടര്‍ന്നപ്പോള്‍ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ സ്കോട്ട് ബോളണ്ടിനെ മുഹമ്മദ് ഷമി എല്‍ബിയില്‍ കുടുക്കിയതോടെയാണ് നാഗ്‌പൂരില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്. അതേസമയം സ്‌മിത്ത് പുറത്താവാതെ നില്‍ക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. നാഗ്‌പൂര്‍ ടെസ്റ്റില്‍ ഒന്നല്ല, നാല് നോബോളുകളാണ് ജഡ്ഡു എറിഞ്ഞത്.
ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ തകര്‍ത്തെറിഞ്ഞ നാഗ്‌പൂര്‍ ടെസ്റ്റില്‍ ടീം ഇന്ത്യ ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തി രവീന്ദ്ര ജഡേജയും മൂന്ന് പേരെ മടക്കി രവിചന്ദ്ര അശ്വിനും 177ല്‍ തളച്ചു. മറുപടി ഇന്നിംഗ്‌സില്‍ നായകന്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയുമായി(120 റണ്‍സ്) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ 400 റണ്‍സ് നേടി. രവീന്ദ്ര ജഡേജയുടെ 70 ഉം അക്‌സര്‍ പട്ടേലിന്‍റെ 84 ഉം മുഹമ്മദ് ഷമിയുടെ 37 ഉം നിര്‍ണായകമായി. രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ തുടക്കത്തിലെ പന്ത് കറക്കിയപ്പോള്‍ ഓസീസ് വെറും 91 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. പുറത്താകാതെ 25 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്താണ് ഓസീസ് ടോപ് സ്കോറര്‍. അശ്വിന്‍ അഞ്ചും ജഡേജയും ഷമിയും രണ്ടും അക്‌സര്‍ പട്ടേല്‍ ഒന്നും വിക്കറ്റ് നേടി.
ഹമ്മോ എന്തൊരു റെക്കോര്‍ഡ്; ഓസീസ് തോറ്റെങ്കിലും ലിയോണിന് അപൂര്‍വ നേട്ടം
