ജയിച്ചാല്‍ പരമ്പര! രണ്ടാം ഏകദിനം ഇന്ന്; പക്ഷേ ടീമിന് തലവേദന, വന്‍ മാറ്റമുണ്ടായേക്കും, റണ്‍മഴ പെയ്‌തിറങ്ങും
മൊഹാലിയിലെ ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കെ എൽ രാഹുലിന്‍റേയും സംഘത്തിന്‍റേയും ജയം

ഇന്‍ഡോര്‍: ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന് ഇൻഡോറിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. മൊഹാലിയിലെ തകര്‍പ്പൻ ജയമാവര്‍ത്തിച്ച് പരമ്പര പിടിക്കാൻ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ശക്തമായി തിരിച്ചുവന്ന് ഒപ്പമെത്തുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്.
ഇൻഡോറിലെ ഹോൾക്കര്‍ സ്റ്റേഡിയത്തിൽ ഇന്ന് തീപാറും പോരാട്ടമാണ്. മൊഹാലിയിലെ ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കെ എൽ രാഹുലിന്‍റേയും സംഘത്തിന്‍റേയും ജയം. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ ഓസ്ട്രേലിയയെ 276ന് ഓൾഔട്ടാക്കിയ ഇന്ത്യ എട്ട് പന്തുകള്‍ ബാക്കിനിൽക്കെ വിജയം കണ്ടു. ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, കെ എൽ രാഹുൽ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ദ്ധ സെഞ്ചുറിയുമായി തിളങ്ങിയത് ഇൻഡോറിൽ ആത്മവിശ്വാസമേകും. പരിക്ക് ഭേദമായി എത്തിയ ശ്രേയസ് അയ്യര്‍ക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. ഇന്നതിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. പേസര്‍മാരെ ഇന്നും മാറ്റി പരീക്ഷിക്കാൻ സാധ്യതയുണ്ട്.
സ്റ്റാര്‍ പേസര്‍ മിച്ചൽ സ്റ്റാര്‍ക്കിന്‍റെ പരിക്ക് ഭേദമാവാത്തതിനാൽ ആദ്യ കളിയിലെ അതേ ടീം തന്നെയാകും ഇന്നും ഓസീസിന്. കൂറ്റൻ സ്കോറുകൾക്ക് പേര് കേട്ട പിച്ചാണ് ഇൻഡോറിലേത്. വീരേന്ദ്രര്‍ സേവാഗിന്‍റെ 219 റണ്‍സടക്കം പിറന്നത് ഈ പിച്ചിലാണ്. അതിനാല്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ന് റണ്‍മഴ പെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, തിലക് വര്‍മ്മ, വാഷിംഗ്‌ടണ്‍ സുന്ദര്‍.
Read more: രോഹിത് ശര്‍മ്മയ്ക്ക് ശേഷം കെ എല്‍ രാഹുല്‍ ഏകദിന ക്യാപ്റ്റന്‍? നിര്‍ണായക സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം