Asianet News MalayalamAsianet News Malayalam

രണ്ട് പന്തില്‍ 10, സ്റ്റൈലായി ഫിനിഷ് ചെയ്‌ത് ഡികെ; വൈറലായി രോഹിത് ശര്‍മ്മയുടെ പ്രതികരണം- വീഡിയോ

ഓസീസിനെതിരെ നാഗ്‌പൂര്‍ ടി20യില്‍ അവസാന ഓവറില്‍ 9 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്

IND vs AUS 2nd T20I Watch This is how Rohit Sharma reacted to Dinesh Karthik finished of in style
Author
First Published Sep 24, 2022, 9:25 AM IST

നാഗ്‌പൂര്‍: കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ്! അതേ, ഇതിനുവേണ്ടിയാണ് ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ് അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നത്. ടി20 ലോകകപ്പില്‍ എക്‌സ് ഫാക്‌ടറാവാന്‍ കഴിവുണ്ട് എന്ന് ഏറെപ്പേര്‍ വാദിക്കുന്ന യുവതാരം റിഷഭ് പന്തിന് അവസരം നല്‍കണം എന്ന ആവശ്യങ്ങള്‍ക്കിടയിലും ഡികെയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് മാനേജ്‌മെന്‍റ്. ഈ തന്ത്രം വിജയിക്കുന്നതായി ഒരിക്കല്‍ക്കൂടി വ്യക്തമാവുകയായിരുന്നു നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാമത്തെ ടി20യില്‍. വെറും രണ്ട് പന്ത് നേരിട്ട് സിക്‌സറും ഫോറുമായി ഇന്ത്യക്ക് ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു ഡികെ. 

ഓസീസിനെതിരെ അവസാന ഓവറില്‍ 9 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡാനിയേല്‍ സാംസ് ആദ്യ പന്ത് എറിയാനായി ഓടിയെത്തുമ്പോള്‍ ക്രീസില്‍ ദിനേശ് കാര്‍ത്തിക്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നായകന്‍ രോഹിത് ശര്‍മ്മ. ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി വന്ന ഫുള്‍ ലെങ്ത് പന്തിനെ ഗാലറിയിലേക്ക് കോരിയിട്ട് ഡികെ ഇന്ത്യന്‍ ആരാധകരുടെ ടെന്‍ഷന്‍ മാറ്റി. രണ്ടാം പന്തില്‍ ബൗണ്ടറിയും നേടി ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചു. ഡികെയെ നാളുകളായി പിന്തുണയ്‌ക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയുടെ എല്ലാം ആകാംക്ഷയും സന്തോഷവും ഇതോടെ മൈതാനത്തെ ബിഗ്‌ സ്‌ക്രീനില്‍ ആരാധകര്‍ കണ്ടു. ഫിനിഷറായി മാറിയ ദിനേശ് കാര്‍ത്തിക്കിനെ പ്രശംസകൊണ്ടുമൂടി ഹിറ്റ്‌മാന്‍. 

നാഗ്‌പൂര്‍ ടി20യില്‍ ഓസീസിന്‍റെ 90 റൺസ് നാല് പന്ത് ശേഷിക്കേയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഇന്ത്യ ഒപ്പമെത്തി. 

മഴകളിച്ചപ്പോൾ എട്ടോവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ നേടിയത് 8 ഓവറില്‍ അഞ്ച് വിക്കറ്റിന് 90 റൺസ്. രണ്ട് ഓവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേല്‍ വിറപ്പിച്ചെങ്കിലും 15 പന്തില്‍ 31 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 20 പന്തില്‍ പുറത്താകാതെ 43 റണ്‍സെടുത്ത മാത്യൂ വെയ്‌ഡും ഓസീസിന് മികച്ച സ്‌കോറൊരുക്കി. മറുപടി ബാറ്റിംഗില്‍ കെ എല്‍ രാഹുല്‍ ആറ് പന്തില്‍ 10 ഉം വിരാട് കോലി 6 പന്തില്‍ 11 ഉം സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായും ഹാര്‍ദിക് പാണ്ഡ്യ 9 പന്തില്‍ 9ഉം റണ്‍സുമായി മടങ്ങിയപ്പോള്‍ 20 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്ത രോഹിത്തും 2 പന്തില്‍ 10 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു. 

പട നയിച്ച് രോഹിത്, ഫിനിഷ് ചെയ്ത് കാര്‍ത്തിക്; ജീവന്‍മരണപ്പോരില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പം

Follow Us:
Download App:
  • android
  • ios