ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ദില്ലിയില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് അശ്വിന്‍റെ ഈ നേട്ടം

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റും പന്തും കൊണ്ട് വിസ്‌മയം കാട്ടുന്ന ഇന്ത്യന്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് ചരിത്ര നേട്ടം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സും 700 വിക്കറ്റും അശ്വിന്‍ പൂര്‍ത്തിയാക്കി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ദില്ലിയില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് അശ്വിന്‍റെ ഈ നേട്ടം. 

ഇതോടൊപ്പം മറ്റൊരു നേട്ടവും ആര്‍ അശ്വിനെ തേടിയെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ അശ്വിന്‍ ഓസീസിനെതിരെ 100 വിക്കറ്റ് പൂര്‍ത്തിയാക്കി. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ പുറത്താക്കിയാണ് അശ്വിന്‍ വിക്കറ്റ് സെഞ്ചുറി തികച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. 20 ടെസ്റ്റുകളില്‍ അശ്വിന്‍ ഈ നേട്ടത്തിലെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെയാണ് അശ്വിന്‍റെ മുന്‍ഗാമി. ഓസ്ട്രേലിയക്കെതിരെ 20 ടെസ്റ്റുകളില്‍ 111 ടെസ്റ്റുകളാണ് കുംബ്ലെയുടെ പേരിലുള്ളത്. ഏതെങ്കിലും ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് തികയ്ക്കുന്ന 32-ാമത്തെ ബൗളറും ആറാമത്തെ സ്‌പിന്നറുമാണ് രവി അശ്വിന്‍.

ദില്ലി ടെസ്റ്റില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 263 റണ്‍സില്‍ അവസാനിച്ചപ്പോള്‍ അശ്വിന്‍ 21 ഓവറില്‍ 57 റണ്‍സിന് മൂന്ന് വിക്കറ്റ് നേടുകയായിരുന്നു. ഓസീസ് വമ്പന്‍മാരായ മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കിയ അശ്വിന്‍ അലക്‌സ് ക്യാരിയെയും മടക്കി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 139 റണ്‍സിനിടെ ഏഴ് വിക്കറ്റ് നഷ്‌ടമായപ്പോള്‍ എട്ടാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലിനൊപ്പം വിസ്‌മയ കൂട്ടുകെട്ടുമായി ഇന്ത്യയെ നയിക്കുകയാണ് അശ്വിന്‍. ഇതോടെ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 80 ഓവറില്‍ 252-7 എന്ന സ്‌കോറില്‍ എത്തിയിട്ടുണ്ട്. അക്‌സര്‍ 67* ഉം അശ്വിന്‍ 37* റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

മക്കല്ലത്തെ സാക്ഷിയാക്കി സ്റ്റോക്‌സിന്‍റെ സിക്‌സര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ്