എന്നാല്‍ ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ വിരാട് കോലി ടീമിനൊപ്പമല്ല താമസിക്കുന്നത്
ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ മുതല്‍ ദില്ലിയില്‍ നടക്കുകയാണ്. ഇതിനായി കഴിഞ്ഞ ദിവസം ഇരു ടീമുകളും നഗരത്തിലെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിന്‍റെ കാര്യത്തില്‍ മാറ്റം വന്നു. ജി20 ഉച്ചകോടിയും വിവാഹ സീസണായതുമാണ് ഇന്ത്യന്‍ ടീമിന്‍റെ താമസ സ്ഥലം പെട്ടെന്ന് മാറാന്‍ കാരണം. ദില്ലിയില്‍ സാധാരണയായി ഐടിസി മൗര്യയിലോ താജ് പാലസിലോ ആണ് ഇന്ത്യന്‍ ടീം താമസിക്കാറ്. എന്നാല്‍ ഇത്തവണ നോയിഡയ്ക്ക് അടുത്ത ലീലയിലാണ് ഇന്ത്യന്‍ ടീമിന്‍റെ താമസം.
എന്നാല്‍ ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍ വിരാട് കോലി ടീമിനൊപ്പമല്ല താമസിക്കുന്നത്. ഗുരുഗ്രാമിലെ വീട്ടില്‍ കുറച്ച് ദിവസം ചിലവഴിക്കാന്‍ കോലി തീരുമാനിക്കുകയായിരുന്നു. ദില്ലി ടെസ്റ്റിന് മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു വിരാട് കോലി. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റിനിടെ ഒന്നിലേറെ ക്യാച്ചുകള്‍ വിട്ടതിനാല്‍ സ്ലിപ്പില്‍ ക്യാച്ചുകളെടുക്കാന്‍ പരിശീലിക്കുകയായിരുന്നു കോലി. നായകന്‍ രോഹിത് ശര്‍മ്മ, നൂറാം ടെസ്റ്റ് കളിക്കുന്ന ബാറ്റര്‍ ചേതേശ്വര്‍ പൂജാര ഉള്‍പ്പടെയുള്ളവര്‍ ബാറ്റിംഗില്‍ പ്രത്യേക പരിശീലനം നടത്തി.
നാഗ്‌പൂരിലെ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിച്ച ടീം ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കാന്‍ ടീമിന് പരമ്പരയില്‍ വമ്പന്‍ ജയം ആവശ്യമാണ്. അതേസമയം 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുകയാണ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ലക്ഷ്യം. നാഗ്‌പൂരിലെ സ്‌പിന്‍ പിച്ചില്‍ ഓസീസ് കെണിഞ്ഞപ്പോള്‍ ദില്ലിയിലെ പിച്ചിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും. രണ്ടാം ടെസ്റ്റിന് മുമ്പ് പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുക ഇരു ടീമിനും മുന്നിലുള്ള വെല്ലുവിളിയാണ്. ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റിന് നാളെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടക്കമാകും.
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ, സ്പിന്‍ പേടിയില്‍ ഓസീസ്, വിജയത്തുടര്‍ച്ച തേടി ഇന്ത്യ
