ഏഴ് മണിക്ക് മത്സരം ആരംഭിക്കുമ്പോള്‍ ഏകദേശം 21 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടുത്ത താപനില

ഗുവാഹത്തി: ജയിച്ചാല്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കേ പരമ്പര, വലിയ മോഹവുമായി യുവ ഇന്ത്യന്‍ നിര ഇന്ന് ഓസ്ട്രേലിയക്ക് എതിരെ മൂന്നാം ട്വന്‍റി 20യില്‍ ഇറങ്ങുകയാണ്. അസമിലെ ഗുവാഹത്തിയിലുള്ള ബര്‍സാപാര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ- ഓസീസ് മൂന്നാം ടി20 ആരംഭിക്കുക. ഇന്ത്യക്ക് സ്വപ്ന പരമ്പര മോഹമാണ് മനസില്‍ എങ്കില്‍ കങ്കാരുക്കള്‍ ഗുവാഹത്തിയില്‍ ഇറങ്ങുക പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള അവസാന പ്രതീക്ഷ കാക്കാനാണ്. ഇത്രയും നിര്‍ണായകമായ മത്സരത്തെ മഴ തടപ്പെടുത്തുമോ? 

ഗുവാഹത്തിയിലെ ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്‍റി 20ക്ക് മഴ ഭീഷണിയില്ല എന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. അക്യുവെതറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പകല്‍ തെളിഞ്ഞ ആകാശമായിരിക്കും. രാത്രിയും മഴയ്‌ക്ക് സാധ്യതകള്‍ നിലവില്‍ കാണുന്നില്ല. ഏഴ് മണിക്ക് മത്സരം ആരംഭിക്കുമ്പോള്‍ ഏകദേശം 21 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടുത്ത താപനില. മത്സരം പുരോഗമിക്കുന്നതോടെ 19 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴും. അതേസമയം ഗുവാഹത്തിയില്‍ മത്സരസമയത്ത് തണുത്ത കാറ്റ് പ്രതീക്ഷിക്കാം. 20 ഓവര്‍ വീതമുള്ള രണ്ട് ഇന്നിംഗ്‌സുകളും ഒരു തടസവുമില്ലാതെ നടക്കാനുള്ള സാധ്യതയാണ് ഗുവാഹത്തിയില്‍ കാണുന്നത്. 

വിശാഖപട്ടണത്ത് അവസാന പന്തിൽ മൂന്ന് വിക്കറ്റിനും തിരുവനന്തപുരത്ത് നാൽപത്തിനാല് റണ്‍സിനും ജയിച്ച ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും കൂട്ടരും ഇന്ന് ഗുവാഹത്തിയില്‍ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാൽ ഏറ്റവും കൂടുതൽ ട്വന്‍റി 20 മത്സരങ്ങൾ ജയിച്ചെന്ന റെക്കോര്‍‍ഡ് ടീം ഇന്ത്യക്ക് സ്വന്തമാകും. ഇപ്പോൾ 135 വീതം ജയങ്ങളുമായി ടീം ഇന്ത്യയും പാകിസ്ഥാനും ഒപ്പത്തിനൊപ്പമാണ്. ഇന്ത്യയും ഓസീസും ഇതുവരെ 28 രാജ്യാന്തര ട്വന്‍റി 20കളിലാണ് മുഖാമുഖം വന്നത്. ഇതില്‍ ഇന്ത്യ 17 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഓസീസിന് 10 കളികളേ ജയിക്കാനായുള്ളൂ. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.