ധരംശാലയിലെ ഔട്ട്ഫീല്‍ഡ് രാജ്യാന്തര മത്സരങ്ങള്‍ക്ക് യോഗ്യമാകാന്‍ ഒരു മാസം കൂടി വേണ്ടിവരും
മുംബൈ: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ധരംശാലയ്‌ക്ക് പകരം മൊഹാലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ വേദിയായി നിശ്ചയിച്ച ധരംശാലയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്നാണിത്. മഴ കാരണം വലിയ നാശമുണ്ടായ ധരംശാല സ്റ്റേഡിയത്തില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവില്ല എന്നാണ് വിവരം. ധരംശാലയിലെ ഔട്ട്ഫീല്‍ഡ് രാജ്യാന്തര മത്സരങ്ങള്‍ക്ക് യോഗ്യമാകാന്‍ ഒരു മാസം കൂടി വേണ്ടിവരും എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
'നിര്‍ഭാഗ്യവശാല്‍ മത്സരം ധരംശാലയില്‍ മാറ്റുകയാണ്. ധരംശാലയിലെ സ്റ്റേഡിയം മത്സരത്തിന് തയ്യാറല്ല. മത്സര വേദി തയ്യാറാക്കാന്‍ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സാധ്യമായതെല്ലാം ചെയ്‌തുവരികയാണ്. എന്നാല്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഔട്ട്‌ഫീല്‍ഡ് എത്താന്‍ ഇനിയും സമയമെടുക്കും. നിലവിലെ സാഹചര്യത്തില്‍ അവിടം രാജ്യാന്തര മത്സരത്തിന് വേദിയാവാന്‍ തയ്യാറല്ല. ധരംശാല ടെസ്റ്റ് മത്സരത്തിന് വേദിയാവാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ പണി പൂര്‍ത്തിയായാല്‍ അവിടെ മത്സരങ്ങള്‍ നടത്താന്‍ പരിശ്രമിക്കും. ഏകദിന ലോകകപ്പിന് മുമ്പായിരിക്കും ഇത്. മൂന്നാം ടെസ്റ്റിന് വേദിയാവാന്‍ മൊഹാലി തയ്യാറാണ്. വിശാഖപട്ടണം, ഇന്‍ഡോര്‍, പൂനെ എന്നീ ഓപ്‌ഷനുകളും മുന്നിലുണ്ട്. ഭാരവാഹികളുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കും' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു.
2016-17 ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒരു മത്സരം ധരംശാലയില്‍ നടന്നിരുന്നു. അന്ന് നാല് ദിവസം കൊണ്ട് വിജയിച്ച് ടീം ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. കൊവിഡ് മഹാമാരിക്ക് തൊട്ടുമ്പ് 2020ലാണ് ഇവിടെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം നടന്നത്. ഇത്തവണത്തെ ഇന്ത്യ-ഓസീസ് പരമ്പരയില്‍ നാഗ്‌പൂരിലെ ആദ്യ മത്സരം ജയിച്ച രോഹിത് ശര്‍മ്മയും സംഘവും നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്. ഫെബ്രുവരി 17ന് ദില്ലിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന ബിസിസിഐ ആരംഭിച്ചിട്ടില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് വേദിയാവുക.
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് വേദി ധര്‍മശാലയില്‍ നിന്ന് മാറ്റാന്‍ സാധ്യത
