ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ കനത്ത തോല്‍വിയാണ് ടീം ഇന്ത്യ നേരിട്ടത്

ഇന്‍ഡോർ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നിരാശയുടെ ദിനമാണിത്. ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയോട് 9 വിക്കറ്റിന്‍റെ തോല്‍വി രോഹിത് ശർമ്മയും സംഘവും വഴങ്ങി. ഇന്‍ഡോറിലെ സ്‍പിന്‍ കെണിയില്‍ സ്വയം ബലിയാടാവുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം. തോല്‍വിയുടെ കനത്ത നിരാശയ്ക്കിടയിലും ആരാധകരുടെ മനസ് കീഴടക്കിയ ഒരു സംഭവം ഇന്‍ഡോറിലെ ഹോള്‍ക്കർ സ്റ്റേഡിയത്തിലുണ്ടായി. ​ബൗണ്ടറിലൈനില്‍ ഫീല്‍ഡ് ചെയ്യവേ തന്‍റെ എനർജി ഡ്രിങ്ക് സന്തോഷത്തോടെ ആരാധകർക്ക് നല്‍കുകയായിരുന്നു പേസർ മുഹമ്മദ് സിറാജ്. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. ഈസമയം സിറാജിന്‍റെ മുഖത്തുള്ള സന്തോഷം വീഡിയോയില്‍ വ്യക്തമായി കാണാം. 

Scroll to load tweet…

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ കനത്ത തോല്‍വിയാണ് ടീം ഇന്ത്യ നേരിട്ടത്. 76 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്സ് വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. പൂജ്യനായി ഓപ്പണർ ഉസ്‍മാന്‍ ഖവാജ മടങ്ങിയപ്പോള്‍ തകർത്തടിച്ച ട്രാവിസ് ഹെഡും(53 പന്തില്‍ 49*), ഉറച്ച പിന്തുണ നല്‍കിയ മാർനസ് ലബുഷെയ്നും(58 പന്തില്‍ 28*) ഓസീസിനെ വെറും 18.5 ഓവറില്‍ വിജയത്തിലെത്തിച്ചു. സ്‌കോര്‍: ഇന്ത്യ-109, 163. ഓസ്‌ട്രേലിയ-197, 78/1. 

രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്‍പിന്നർ നേഥന്‍ ലിയോണാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സില്‍ മാത്യു കുനെമാന്‍ അഞ്ച് വിക്കറ്റും ഉസ്‍മാന്‍ ഖവാജ 60 റണ്‍സും നേടിയത് സന്ദർശകർക്ക് നിർണായകമായി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലാവട്ടെ 23.3 ഓവറില്‍ 64 റണ്‍സിന് 8 വിക്കറ്റുമായി നേഥന്‍ ലിയോണ്‍ ഓസീസിന് കുഞ്ഞന്‍ വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 59 റണ്‍സെടുത്ത ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. ഇന്‍ഡോറില്‍ തോറ്റെങ്കിലും നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. നാഗ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ദില്ലിയിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനും രോഹിത്തും കൂട്ടരും വിജയിച്ചിരുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം 9-ാം തിയതി മുതല്‍ അഹമ്മദാബാദില്‍ നടക്കും. 

പൂർണസമയ ക്യാപ്റ്റനാകില്ലെന്ന സൂചനയുമായി സ്‍മിത്ത്; പക്ഷേ എയറിലായത് രോഹിത് ശർമ്മ