ചർച്ച ഓസീസ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച്, പക്ഷേ വിമർശനം മൊത്തം ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയ്ക്ക്
ഇന്‍ഡോർ: സ്റ്റീവ് സ്‍മിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ വിജയത്തോടെ ഓസീസ് പരമ്പരയില്‍ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. നാഗ്‍പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകള്‍ പാറ്റ് കമ്മിന്‍സിന്‍റെ ക്യാപ്റ്റന്‍സിയില്‍ ദയനീയമായി തോറ്റ ഓസീസാണ് ഇന്‍ഡോറില്‍ ഗംഭീര മടങ്ങിവരവ് നടത്തിയത്. സ്പിന്നർമാർ ആതിപത്യം പുലർത്തിയ ഇന്‍ഡോറിലെ കറങ്ങും പിച്ചില്‍ ഇന്ത്യയെ 9 വിക്കറ്റിന് തോല്‍പിക്കുകയായിരുന്നു സന്ദർശകർ. സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് മത്സരത്തില്‍ ഓസീസിനെ നയിച്ചത്. ജയത്തിന് പിന്നാലെ സ്മിത്ത് പൂർണ സമയ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമായി.
ഇത് പാറ്റ് കമ്മിന്‍സിന്‍റെ ടീമാണ് എന്നായിരുന്നു സ്റ്റീവ് സ്മിത്തിന്‍റെ പ്രതികരണം. പൂർണസമയ നായകനായി തിരിച്ചുവരില്ലെന്ന സൂചനയാണ് സ്മിത്ത് നല്‍കിയത്. ഇതില്‍ ആരാധകർ ഏറ്റവും കൗതുകത്തോടെ നിരീക്ഷിച്ചത് മറ്റൊരു കാര്യമായിരുന്നു. ഇത് വിരാട് കോലിയുടെ ടീമാണ് എന്ന് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ പറയുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. കോലിയില്‍ നിന്നാണ് ഹിറ്റ്മാന്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. നിലവിലെ ഇന്ത്യന്‍ ടീമിനെ വളർത്തിയെടുത്തത് കോലിയായിരുന്നു.
സ്മിത്തിന്‍റെ ക്യാപ്റ്റന്‍സി തെറിച്ചത് ഇങ്ങനെ...
ഓസീസിന്‍റെ 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്‍സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായി. സാന്‍ഡ്‍പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്‍റെ ശ്രമം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തിയ അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാർണറെയും 12 മാസത്തേക്കും ബാറ്റര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. ഇതിനൊപ്പം സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റന്‍സി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തിയിരുന്നു.
സ്മിത്ത് വിലക്കിലായതോടെ ടിം പെയ്നായിരുന്നു ഓസീസ് ടെസ്റ്റ് ടീമിനെ നയിച്ചിരുന്നത്. ഇതിന് ശേഷം പാറ്റ് കമ്മിന്‍സിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ക്യാപ്റ്റനാക്കി. ഇതിനൊപ്പം സ്റ്റീവന്‍ സ്മിത്തിനെ ഓസീസ് ഉപനായകനാക്കുകയും ചെയ്തു. ഇന്‍ഡോർ ടെസ്റ്റിന് മുമ്പ് അസുഖബാധിതയായ അമ്മയുടെ ചികില്‍സയ്ക്കായി നാട്ടിലേക്ക് പാറ്റ് കമ്മിന്‍സ് മടങ്ങിയതോടെയാണ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസീസ് ടീമിനെ നയിക്കാനുള്ള ചുമതല സ്മിത്തിനെ തേടിയെത്തിയത്. മത്സരത്തില്‍ ഇന്ത്യ 109, 163 സ്കോറുകളില്‍ പുറത്തായപ്പോള്‍ ഓസീസ് 197, 78 റണ്‍സുകളുമായി 9 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഇന്‍ഡോറില്‍ സ്മിത്തിന്‍റെ ബൗളിംഗ് മാറ്റങ്ങളും ഫീല്‍ഡിംഗ് തന്ത്രങ്ങളും ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതോടെയാണ് പൂർണസമയ ക്യാപ്റ്റനായി സ്മിത്ത് മടങ്ങിയെത്തുമോ എന്ന ചോദ്യമുയർന്നത്.
ആ നോ ബോളാണ് ഇന്‍ഡോറില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്, ജഡേജക്കെതിരെ ഗവാസ്കര്‍; വിമര്‍ശനവുമായി ആരാധകര്‍
