മിച്ചല്‍ സ്റ്റാർക്കിന്‍റെ പന്തില്‍ ശ്രേയസ് ഫ്ലിക്കിന് ശ്രമിച്ചപ്പോള്‍ ഇടത്തേക്ക് പാറിപ്പറന്ന് നിലംപറ്റെയുള്ള ക്യാച്ചെടുക്കുകയായിരുന്നു ഖവാജ
ഇന്‍ഡോർ: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയുടെ വണ്ടർ ക്യാച്ച്. ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യരെ പുറത്താക്കാനാണ് ഖവാജ പാറിപ്പറന്നത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 78 റണ്‍സിന് നാല് വിക്കറ്റ് വീണതിന് പിന്നാലെ അതിവേഗം സ്കോർ ഉയർത്താനായിരുന്നു അയ്യരുടെ ശ്രമം. മിച്ചല്‍ സ്റ്റാർക്കിന്‍റെ പന്തില്‍ ശ്രേയസ് ഫ്ലിക്കിന് ശ്രമിച്ചപ്പോള്‍ ഇടത്തേക്ക് പാറിപ്പറന്ന് നിലംപറ്റെയുള്ള ക്യാച്ചെടുക്കുകയായിരുന്നു ഖവാജ. പന്ത് നിലത്ത് കൊണ്ടോ എന്ന് ഉറപ്പിക്കാന്‍ മൂന്നാം അംപയർ പരിശോധിച്ച ശേഷമാണ് വിക്കറ്റ് അനുവദിച്ചത്.
ആദ്യ ഇന്നിംഗ്സില്‍ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ടീം ഇന്ത്യ ഇന്‍ഡോറില്‍ രണ്ടാം ഇന്നിംഗ്സില്‍ പൊരുതുകയാണ്. രണ്ടാം ദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 126-6 എന്ന സ്കോറിലാണ് ഇന്ത്യ. ഇതിനകം ആറ് വിക്കറ്റ് നഷ്ടമായപ്പോള്‍ ഇന്ത്യക്ക് ഇതുവരെ 38 റണ്‍സിന്‍റെ ലീഡ് മാത്രമേ ആയിട്ടുള്ളൂ. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നേഥന്‍ ലിയോണ്‍ തുടക്കത്തിലെ നിയന്ത്രണം കണ്ടെത്തിയപ്പോള്‍ 32 റണ്‍സിനിടെ ഇരു ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി.15 പന്തില്‍ 5 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ 33 പന്തില്‍ 12 റണ്‍സുമായി രോഹിത് ശർമ്മയും മടങ്ങി. ഗില്‍ ബൗള്‍ഡും രോഹിത് എല്‍ബിയുമാവുകയായിരുന്നു.
ചേതേശ്വർ പൂജാരയ്ക്കൊപ്പം കരുതലോടെ തുടങ്ങിയ വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നില്ല. ഇടംകൈയന്‍ സ്പിന്നർ മാത്യൂ കുനെമാന്‍ 26 പന്തില്‍ 13 റണ്‍സെടുത്ത കോലിയെ എല്‍ബിയില്‍ പുറത്താക്കി. വിക്കറ്റ് ചറപറ വീണതോടെ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ലിയോണിന്‍റെ കറങ്ങും പന്തിന് മുന്നില്‍ വീണു. 36 പന്തില്‍ 7 റണ്‍സ് നേടിയ ജഡേജ എല്‍ബിയിലാണ് പുറത്തായത്. പിന്നാലെയായിരുന്നു സ്റ്റാർക്കിന്‍റെ പന്തില്‍ ഖവാജയുടെ വണ്ടർ ക്യാച്ചില്‍ 27 പന്തില്‍ 26 റണ്‍സുമായി ശ്രേയസ് അയ്യരുടെ മടക്കം. 8 പന്തില്‍ 3 റണ്‍സെടുത്ത ശ്രീകർ ഭരതും ലിയോണിന് മുന്നില്‍ ബൗള്‍ഡായി. 42 ഓവർ പിന്നിടുമ്പോള്‍ പൂജാരയ്ക്കൊപ്പം രവിചന്ദ്രന്‍ അശ്വിനാണ് ക്രീസില്‍.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 109 റണ്‍സിനെതിരെ ഓസീസ് 197 റണ്‍സ് കണ്ടെത്തി. ജഡേജ നാലും അശ്വിനും ഉമേഷും മൂന്ന് വീതവും വിക്കറ്റ് വീഴ്ത്തിയിട്ടും ലീഡ് കണ്ടെത്തുകയായിരുന്നു ഓസീസ്. 60 റണ്‍സ് നേടിയ ഖവാജയായിരുന്നു ഓസീസ് ടോപ് സ്കോറർ.
നതാന്‍ ലിയോണിന് മൂന്ന് വിക്കറ്റ്; ഓസീസിനെതിരെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ പതറുന്നു!
