അഹമ്മദാബാദ് ടെസ്റ്റ് കാണാന്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് സൗജന്യ ടിക്കറ്റ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയഷന്‍ ഏർപ്പാടാക്കിയിട്ടുണ്ട്
അഹമ്മദാബാദ്: ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റ് ചരിത്രമാകും. ആദ്യ ദിനമായ മാർച്ച് 9ന് ഒരു ലക്ഷത്തിലേറെ കാണികളേയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഇവിടെ പ്രതീക്ഷിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ ഒരു ദിനം ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരത്തിന്‍റെ റെക്കോർഡ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേരിലാകും. നേരത്തെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഏറ്റവും കൂടുതല്‍ കാണികള്‍ ടെസ്റ്റ് കാണാന്‍ എത്തിയതിന്‍റെ റെക്കോർഡ്. 2013 ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ആദ്യദിനം എംസിജിയില്‍ 91112 കാണികളാണ് എത്തിയത്. 1998-99 ഇന്ത്യ-പാക് പരമ്പരയില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാർഡന്‍സില്‍ ഒരുലക്ഷം കാണികള്‍ എത്തിയതായി അനൗദ്യോഗിക കണക്കുണ്ട്.
അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യദിനം വിവിഐപികളാലും ശ്രദ്ധേയമാകും. മത്സരം വീക്ഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബാനെസും എത്തും. ഇതിനാല്‍ കുറച്ച് സീറ്റുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ഒഴിച്ചിട്ടുണ്ട്. ഒരു മണിക്കൂർ മത്സരം വീക്ഷിച്ച ശേഷം ഇരുവരും ഔദ്യോഗിക പരിപാടികള്‍ക്കായി പോകും. അഹമ്മദാബാദ് ടെസ്റ്റ് കാണാന്‍ വിദ്യാർഥികള്‍ക്ക് സൗജന്യ ടിക്കറ്റ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയഷന്‍ ഏർപ്പാടാക്കിയിട്ടുണ്ട്. മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റില്‍ 9 വിക്കറ്റ് ജയവുമായി ഓസീസ് ശക്തമായി തിരിച്ചെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അഹമ്മദാബാദിലെ പോരാട്ടം ആവേശം ഇരട്ടിയാക്കും.
ഓസീസ് സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റർ ഹാന്‍സ്‍കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാർനസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മർഫി, മിച്ചല്‍ സ്റ്റാർക്ക്, മാറ്റ് കുനെമാന്‍.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.
ടേണുണ്ടാകും എന്നറിയാം, പക്ഷേ... അഹമ്മദാബാദ് പിച്ചിനെ കുറിച്ച് വമ്പന്‍ ചോദ്യവുമായി രവി ശാസ്‍ത്രി
