അഹമ്മദാബാദില്‍ ഏത് തരത്തിലുള്ള പിച്ച് ഒരുക്കണം എന്ന് ബിസിസിഐ നിർദേശിച്ചിട്ടില്ല എന്നാണ് വാർത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോർട്ട്
അഹമ്മദാബാദ്: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള പിച്ചിനെ ചൊല്ലിയുള്ള ചർച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. പേസിനെയും സ്പിന്നിനേയും തുണയ്ക്കുന്ന രണ്ട് പിച്ചുകള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 9 വിക്കറ്റിന്‍റെ ദയനീയ തോല്‍വി നേരിട്ടപ്പോള്‍ കണ്ണുകളെല്ലാം അഹമ്മദാബാദിലേക്കാണ്. ഇന്‍ഡോർ ജയത്തോടെ 1-2ന് പരമ്പരയില്‍ തിരിച്ചെത്തിയ സന്ദർശകർ സമനില പിടിക്കുമോ അതോ ടീ ഇന്ത്യ 3-1ന് സീരീസ് സ്വന്തമാക്കുമോ എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്നത്. എന്തായാലും അഹമ്മദാബാദിലെ പിച്ചിനെ കുറിച്ചുള്ള ചർച്ചകളില്‍ ചേർന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കോച്ചും ഇപ്പോള്‍ കമന്‍റേറ്ററുമായ രവി ശാസ്ത്രി.
അഹമ്മദാബാദ് പിച്ചില്‍ ടേണുണ്ടാകും എന്നുറപ്പാണ്. എന്നാല്‍ എത്രവേഗം പന്ത് തിരിയുമെന്നതാണ് ചോദ്യം എന്നതാണ് രവി ശാസ്ത്രി മുന്നോട്ടുവെക്കുന്ന ആശങ്ക. ഇന്‍ഡോർ ടെസ്റ്റില്‍ ആദ്യ ദിനത്തിലെ ഒന്നാം സെഷനില്‍ തന്നെ പന്ത് ആറ് ഡിഗ്രിയിലേറെ കുത്തിത്തിരിഞ്ഞത് ബാറ്റർമാരെ കുരുക്കിയിരുന്നു. ഇതിനൊപ്പം അപ്രതീക്ഷ ബൗണ്‍സും ഡിപ്പും ഇന്‍ഡോർ പിച്ചിനെ ഐസിസിയുടെ മോശം മാർക്കിന് ഇടയാക്കി. ഇരു ടീമിന്‍റെയും ബാറ്റിംഗ് കരുത്ത് വ്യക്തമാക്കുന്ന പിച്ച് അഹമ്മദാബാദിലുണ്ടായാല്‍ അത് ഗംഭീരമാകും എന്നാണ് ഓസീസ് മുന്‍താരം മാത്യൂ ഹെയ്ഡന്‍റെ വാക്കുകള്‍. ഇത് കാണികളും ബാറ്റർമാരും ആഗ്രഹിക്കുന്ന കാര്യമാണ് എന്ന് ശാസ്ത്രി ഹെയ്ഡന്‍റെ വാക്കുകള്‍ക്ക് അനുകൂലമായി കൂട്ടിച്ചേർത്തു.
അഹമ്മദാബാദില്‍ ഏത് തരത്തിലുള്ള പിച്ച് ഒരുക്കണം എന്ന് ബിസിസിഐ നിർദേശിച്ചിട്ടില്ല എന്നാണ് വാർത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോർട്ട്. സീസണിലാകെ ഉപയോഗിച്ച തരത്തിലുള്ള സാധാരണ പിച്ചാണ് നിർമ്മിക്കുന്നത് എന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി പിടിഐയോട് പറഞ്ഞു. മാർച്ച് ഒന്‍പതിനാണ് അഹമ്മദാബാദില്‍ ഇന്ത്യ-ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്‍ഡോർ ജയത്തോടെ ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള ബർത്ത് ഉറപ്പാക്കിയപ്പോള്‍ അഹമ്മദാബാദില്‍ വിജയിച്ചാല്‍ ഇന്ത്യയും കലാശപ്പോരിന് യോഗ്യത നേടും. അഹമ്മദാബാദില്‍ ഫലം സമനിലയായാല്‍ ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പര തീരുംവരെ ടീം ഇന്ത്യ ഭാവി അറിയാന്‍ കാത്തിരിക്കേണ്ടിവരും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: അഹമ്മദാബാദ് ടെസ്റ്റ് സമനിലയായാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍
