ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് ശുഭ്‌മാന്‍ ഗില്‍ നേടിയത്

അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ശുഭ്‌മാന്‍ ഗില്‍ തകര്‍പ്പന്‍ സെ‍ഞ്ചുറി നേടിയതോടെ ടീമില്‍ കെ എല്‍ രാഹുലിന്‍റെ സ്ഥാനം ഏറെക്കുറെ പുറത്തായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയാല്‍ രാഹുലിന് അവസരം ലഭിച്ചേക്കില്ല. നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണിംഗ് സ്ഥാനത്തിന് അര്‍ഹന്‍ താന്‍ തന്നെ എന്നുറപ്പിച്ച് സ്വപ്‌ന ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍ ഇപ്പോള്‍ ബാറ്റ് വീശുന്നത്. 

ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് ശുഭ്‌മാന്‍ ഗില്‍ നേടിയത്. പരമ്പരയില്‍ രോഹിത് ശ‍‍ര്‍മ്മയ്ക്ക് ശേഷം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഗില്‍. സമീപകാലത്ത് ബാറ്റിംഗില്‍ മോശം ഫോമിലായിരുന്നെങ്കിലും നാഗ്‌പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ രോഹിത്തിനൊപ്പം രാഹുലിനെയാണ് ടീം ഓപ്പണറായി ഇറക്കിയത്. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ കാക്കാതിരുന്ന രാഹുല്‍ അമ്പേ പരാജയമായി. ഇതോടെ ഇന്‍ഡോര്‍ ടെസ്റ്റില്‍ പകരം ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കണം എന്ന മുറവിളി ഉയര്‍ന്നു. ഇന്‍ഡോറില്‍ 21, 5 മാത്രമായി ഗില്ലിന്‍റെ സ്കോര്‍ എങ്കിലും അഹമ്മദാബാദിലേക്ക് എത്തിയപ്പോള്‍ ഓസീസിന്‍റെ റണ്‍മല ഭയക്കാതെ ബാറ്റ് വീശുന്ന ഗില്ലിനെ ആരാധകര്‍ കണ്ടു. 235 പന്ത് നേരിട്ട് 12 ഫോറും ഒരു സിക്സും സഹിതം 128 റണ്‍സ് നേടിയ ശേഷമാണ് ഗില്‍ മടങ്ങിയത്. ഗില്ലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഓപ്പണറായി ഇറങ്ങിയ ഗില്ലിന്‍റെ ഇന്നിംഗ്‌സ് 78.4 ഓവര്‍ നീണ്ടുനിന്നു.

2023- ഗില്ലിന്‍റെ വര്‍ഷം

ഇതുവരെ കളിച്ച 28 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ രണ്ട് സെഞ്ചുറികളോടെ 890 റണ്‍സാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ സമ്പാദ്യം. 2023ല്‍ മിന്നും ഫോമിലാണ് താരം. ബംഗ്ലാദേശിനെതിരെ ഏകദിന ഡബിള്‍ നേടിയ താരം രാജ്യാന്തര ടി20യിലും ഈ വ‍ര്‍ഷം മൂന്നക്കം തികച്ചു. 2023ല്‍ ഇതുവരെ അഞ്ച് രാജ്യാന്തര ശതകങ്ങളാണ് ഗില്ലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. 

കിടിലന്‍ അർധസെഞ്ചുറി; കിംഗ് കോലി എലൈറ്റ് ക്ലബില്‍