പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി തിളങ്ങിയ സ്പിന്നറാണ് ടോഡ് മർഫി

അഹമ്മദാബാദ്: ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ റെക്കോർഡ് കാണികളെയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. മത്സരം കാണാന്‍ ഒരു ലക്ഷത്തിലേറെ പേരെത്തും എന്ന് കരുതുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും ആദ്യദിനം സ്റ്റേഡിയത്തിലുണ്ടാകും. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ കാണികള്‍ നിറയുന്നതോടെ എത്രത്തോളം ശബ്ദമുകരിതമാകും എന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ ആകാംക്ഷ ഓസീസ് സ്പിന്നർ ടോഡ് മർഫിക്കുമുണ്ട്. നാട്ടില്‍ ഇത്രയേറെ കാണികള്‍ക്ക് മുന്നില്‍ കളിച്ചിട്ടില്ല. ഏതൊരു താരത്തേയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ് ഇത്രയധികം കാണികള്‍ എന്നും മർഫി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി തിളങ്ങിയ സ്പിന്നറാണ് ടോഡ് മർഫി. ആദ്യ ഇന്നിംഗ്സില്‍ 124 റണ്‍സിന് ഇന്ത്യയുടെ 7 വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ഓസീസ് താരമായി മാറിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 11 വിക്കറ്റ് ടോഡ് മർഫി നേടിക്കഴിഞ്ഞു. ഈ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ നാലാമനാണ് മർഫി. പരമ്പരയിലെ നാലാമത്തെയും അവസാനത്തേയും ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദ് ഒരു റെക്കോർഡ് ഇടാനൊരുങ്ങുകയാണ്. ടെസ്റ്റില്‍ ഒരു ദിനം ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരത്തിന്‍റെ റെക്കോർഡ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേരിലാകും. 2013 ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ആദ്യദിനം എംസിജിയില്‍ 91112 കാണികള്‍ എത്തിയതാണ് ടെസ്റ്റില്‍ ഇതുവരെയുള്ള ഒരു ദിനത്തെ അറ്റന്‍ഡന്‍സിലെ ലോക റെക്കോർഡ്. 

ഓസീസ് സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റർ ഹാന്‍സ്‍കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാർനസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മർഫി, മിച്ചല്‍ സ്റ്റാർക്ക്, മാറ്റ് കുനെമാന്‍. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്. 

മെല്‍ബണ്‍ എന്ന വന്‍മരം വീഴും; പുതിയ റെക്കോർഡിടാന്‍ അഹമ്മദാബാദ് സ്റ്റേഡിയം