അഹമ്മദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനം മൂന്നക്കം തികച്ച് ശുഭ്മാന്‍ ഗില്‍ കയ്യടി വാങ്ങി

അഹമ്മദാബാദ്: ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി അഹമ്മദാബാദില്‍ നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണ‍ര്‍ ശുഭ്മാന്‍ ഗില്‍. അതും വിഖ്യാതമായ ബോ‍ർഡര്‍-ഗാവസ്‌ക‍ര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ പൊരുതി. 23 വയസ് മാത്രമുള്ള ഗില്‍ രണ്ടാം ടെസ്റ്റ് സെഞ്ചുറിയുമായി അമ്പരപ്പിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ പ്രതികരണമായിരുന്നു. 

നാഗ്പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ ബാറ്റിംഗ് പരാജയമായ കെ എല്‍ രാഹുലിന് പകരം ഇന്‍ഡോര്‍ ടെസ്റ്റിലൂടെയാണ് ഗില്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. എന്നാല്‍ ഇന്‍ഡ‍ോറില്‍ താരത്തിന് തിളങ്ങാനായില്ലെങ്കിലും അഹമ്മദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനം മൂന്നക്കം തികച്ച് ശുഭ്മാന്‍ ഗില്‍ കയ്യടി വാങ്ങി. മാത്രമല്ല ചേതേശ്വ‍ര്‍ പൂജാരയ്ക്കൊപ്പം 100 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിക്കുകയും ചെയ്തു. ഗില്‍ സെഞ്ചുറി തികച്ചതും ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് വിരാട് കോലിയായിരുന്നു. ഡഗൗട്ടിലിരുന്നുള്ള കോലിയുടെ ആഘോഷം ഇതിനകം വൈറലാണ്. നേരത്തെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു ഗില്ലിന്‍റെ ആദ്യ ടെസ്റ്റ് ശതകം. 

Scroll to load tweet…

അഹമ്മദാബാദ് ടെസ്റ്റില്‍ ഓസീസിന്‍റെ 480 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് തുടരുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 225/2 എന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറി പിന്നിട്ട ഗില്ലിനൊപ്പം വിരാട് കോലിയാണ് ക്രീസില്‍. നായകന്‍ രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42) എന്നിവരാണ് പുറത്തായത്. മാത്യൂ കുനെമാനും ടോഡ് മര്‍ഫിക്കുമായിരുന്നു വിക്കറ്റ്. നേരത്തെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. 

ഏകദിനത്തിനും ടി20ക്കും പിന്നാലെ ടെസ്റ്റിലും സെഞ്ചുറി, ശുഭ്മാന്‍ ഗില്‍ എലൈറ്റ് ക്ലബ്ബില്‍