ഇന്ത്യക്ക് മേല്‍ നേരിയ മുന്‍തൂക്കം ഓസീസിനുണ്ട് എന്നാണ് റിക്കിയുടെ വാക്കുക

ഓവല്‍: രണ്ട് ദിവസത്തിന്‍റെ മാത്രം അകലത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓവലില്‍ ഏറ്റുമുട്ടും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് എത്തിയതെങ്കിലും ബാറ്റിംഗ് കരുത്ത് വച്ച് നോക്കുമ്പോള്‍ ടീം ഇന്ത്യക്ക് മേല്‍ക്കൈയുണ്ട് എന്ന് പലരും വിലയിരുത്തുമ്പോള്‍ വ്യത്യസ്‌തമാണ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗിന്‍റെ വാക്കുകള്‍. ഇന്ത്യക്ക് മേല്‍ നേരിയ മുന്‍തൂക്കം ഓസീസിനുണ്ട് എന്നാണ് റിക്കിയുടെ വാക്കുകള്‍. എന്നാല്‍ ഓസീസ് ടീമിനൊരു പ്രശ്‌നം പോണ്ടിംഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 

'ഓസീസ് കുറച്ചല്‍പം ഫേവറൈറ്റുകളാണ്. ഇരു ടീമുകളും തമ്മില്‍ വലിയ മാറ്റമൊന്നുമില്ല. അതിനാലാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയത്. എന്നാല്‍ തയ്യാറെടുപ്പുകളുടെ കാര്യം പരിശോധിച്ചാല്‍ ചില ഓസീസ് താരങ്ങള്‍ ഒന്നും ചെയ്‌തിട്ടില്ല. അവര്‍ കുറച്ച് നാളുകളായി കളിക്കുന്നേയില്ല. എന്നാല്‍ ഐപിഎല്ലില്‍ മിക്ക ഇന്ത്യന്‍ താരങ്ങളും കളിക്കുന്നുണ്ടായിരുന്നു. അതിന്‍റെയൊരു ക്ഷീണമുണ്ടാവുമെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഏറെ മത്സരം അടുത്തിടെ കളിച്ചിട്ടുണ്ട്. മത്സരത്തില്‍ ഏറെ ഘടകങ്ങള്‍ സ്വാധീനം ചൊലുത്തും' എന്നും നാല്‍പ്പത്തിയെട്ടുകാരനായ റിക്കി പോണ്ടിംഗ് വ്യക്തമാക്കി. 

ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും ഓസീസും മുഖാമുഖം വരുന്നത്. നിലവിലെ ഫൈനലിസ്റ്റുകളാണ് ഇന്ത്യ. അവസാന നിമിഷം സ്‌ക്വാഡില്‍ നിന്ന് പുറത്തായ ജോഷ് ഹേസല്‍വുഡിനെ മാറ്റി നിര്‍ത്തിയാല്‍ അതിശക്തമാണ് ഓസീസ് ടീം. ഇന്ത്യന്‍ സ്‌ക്വാഡും കരുത്തര്‍. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഓസീസിനെ പേസര്‍ പാറ്റ് കമ്മിന്‍സും നയിക്കും. പോയിന്‍റ് പട്ടികയില്‍ 66.67 ശരാശരിയുമായാണ് ഓസീസ് തലപ്പത്ത് എത്തിയതെങ്കില്‍ രണ്ടാമതെത്തിയ ഇന്ത്യക്ക് 58.8 പോയിന്‍റ് ശരാശരിയാണുണ്ടായിരുന്നത്. 

Read more: 'സഞ്ജു സാംസണ്‍ സൂപ്പര്‍ കൂള്‍ ക്യാപ്റ്റന്‍'; രാജസ്ഥാന്‍ റോയല്‍സ് നെറ്റ് ബൗളര്‍ പറയുന്നത് രോമാഞ്ചം കൊള്ളിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News