Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരായ ഫൈനലിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ഓസീസ്; സ്റ്റാര്‍ പേസര്‍ പുറത്ത്

ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവേയാണ് ജേഷ് ഹേസല്‍വുഡിന് പരിക്കേറ്റത്

IND vs AUS Josh Hazlewood ruled out of WTC Final 2023 against Team India jje
Author
First Published Jun 4, 2023, 6:31 PM IST

ഓവല്‍: ടീം ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ഓസ്ട്രേലിയ. പരിചയസമ്പന്നനായ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് പരിക്കിനാല്‍ ഫൈനല്‍ കളിക്കില്ല. ആഷസ് പരമ്പരയ‌്‌ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് ഹേസല്‍വുഡിന്‍റെ പിന്‍മാറ്റം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഹേസല്‍വുഡിന്‍റെ പകരക്കാരനായി മൈക്കല്‍ നെസറിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. എന്നാല്‍ ഇംഗ്ലണ്ടിന് എതിരായ വിഖ്യാത ആഷസ് പരമ്പരയില്‍ ഹേസല്‍വുഡ് ടീമിലേക്ക് മടങ്ങിവരും 

ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവേയാണ് ജോഷ് ഹേസല്‍വുഡിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്ക് മാറി ഓവലിലെ ഫൈനലിലൂടെ ഹേസല്‍വുഡ് തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് താരം പുറത്തായത്. ഹേസല്‍വുഡിന് പകരം സ്‌ക്വാഡില്‍ ഇടംപിടിച്ച നെസര്‍ മികച്ച ഫോമിലുള്ള താരമാണ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ 19 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഇതുവരെ ഓസീസിനായി രണ്ട് ടെസ്റ്റുകളാണ് നെസര്‍ കളിച്ചിട്ടുള്ളത്. ഓസീസിനായി 59 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മുപ്പത്തിരണ്ടുകാരനായ ജോഷ് ഹേസല്‍വുഡ് 222 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ നായകന്‍ പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ഇറങ്ങും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങളായി ഓസീസ് പേസ് ത്രയം എന്നാണ് മൂവരും വിശേഷിപ്പിക്കപ്പെടുന്നത്. 

ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 16 മുതല്‍ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര ഓസീസിനുണ്ട്. എഡ്‌ജ്‌ബാസ്റ്റണില്‍ ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റില്‍ ജോഷ് ഹേസല്‍വുഡ് കളിക്കും എന്നാണ് ഓസീസ് മുഖ്യ സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലിയുടെ വാക്കുകള്‍. 'ജോഷ് പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കുന്നതിന് തൊട്ടരികെയാണ്. എന്നാല്‍ വരാനിരിക്കുന്ന പരമ്പര മുന്‍നിര്‍ത്തി ഒരു മത്സരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ കളിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ ജോഷിന് ഇതിലൂടെ സാധിക്കും. ഏഴ് ആഴ്‌ചയ്‌ക്കിടെ ആറ് ടെസ്റ്റുകള്‍ കളിക്കേണ്ടതിനാല്‍ എല്ലാ പേസര്‍മാരും ഫിറ്റ്‌നസില്‍ ആയിരിക്കേണ്ടതുണ്ട്' എന്നും ജോര്‍ജ് ബെയ്‌ലി വ്യക്തമാക്കി. നിരന്തരം അലട്ടിവരുന്ന പരിക്ക് കാരണം 2021 ജനുവരി മുതല്‍ നാല് ടെസ്റ്റുകള്‍ മാത്രമേ ഹേസല്‍വുഡിന് കളിക്കാനായിട്ടുള്ളൂ. 

പുതുക്കിയ ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, മൈക്കല്‍ നെസര്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

Read more: ഓവലിലെ ടെസ്റ്റ് ഫൈനല്‍: ഇന്ത്യന്‍സമയം, ലൈവ്; അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios