കാന്‍ബറ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ആശ്വാസജയം നേടിയപ്പോള്‍ ഓസ്ട്രേലിയയിലും സാന്നിധ്യമറിയിക്കുകയാണ് മലയാളി ആരാധകര്‍. മൂന്നാം ഏകദിനത്തിനിടെ പന്ത്രണ്ടാമനായി പലവട്ടം ഗ്രൗണ്ടിലെത്തിയ മലയാളി താരം സഞ്ജു സാംസണുവേണ്ടിയാണ് ഗ്യാലറിയില്‍ നിന്ന് ശബ്ദമുയര്‍ന്നത്.

ഓസീസ് ബാറ്റിംഗിനിടെ ബൗണ്ടറിക്ക് അരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ടി നടരാജന് സമീപം നില്‍ക്കുകയായിരുന്ന സഞ്ജു സാംസണെ പേരെടുത്ത് വിളിച്ചാണ് മലയാളികള്‍ കാന്‍ബറയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. സഞ്ജൂ...സഞ്ജൂ എന്ന് ആദ്യം വിളിച്ചവര്‍ പിന്നീട് സഞ്ജുവേട്ടാ...എന്നാക്കി വിളി. പിന്നീടൊരു ചോദ്യവും സഞ്ജുവേട്ടാ.. അടുത്ത കളിയില്‍ ഉണ്ടാവുമോ. ആരാധകരുടെ ചോദ്യംകേട്ട് തിരിഞ്ഞു നോക്കിയ സഞ്ജു എല്ലാം ഒരു ചെറു ചിരിയില്‍ ഒതുക്കി.

ഏകദിന പരമ്പരക്കുശേഷം വെള്ളിയാഴ്ച തുടങ്ങുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു കളിക്കാനിറങ്ങുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഏകദിന ടീമിലുണ്ടായിരുന്നെങ്കിലും  കെ എല്‍ രാഹുലിന് ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ തന്നെ ഏകദിന ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചില്ല.

എന്നാല്‍ ടി20 ടീമില്‍ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ ടി20 മത്സരങ്ങളില്‍ സഞ്ജു കളിക്കുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.