അക്സര്‍ പട്ടേലിന്‍റെ അവസാന നിമിഷത്തെ വമ്പനടികളും ചെറുത്ത് നില്‍പ്പുമാണ് വൻ നാണക്കേടില്‍ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. അക്സറിനെ കൂടാതെ 31 റണ്‍സെടുത്ത് വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യൻ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാൻ സാധിച്ചുള്ളൂ.
വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം മത്സരം വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ വിശാഖപട്ടണത്ത് ഇറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും 117 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തീപ്പൊരി ബൗളിംഗ് പ്രകടനമാണ് കങ്കാരുക്കളെ തുണച്ചത്. അക്സര്‍ പട്ടേലിന്‍റെ അവസാന നിമിഷത്തെ വമ്പനടികളും ചെറുത്ത് നില്‍പ്പുമാണ് വൻ നാണക്കേടില്‍ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. അക്സറിനെ കൂടാതെ 31 റണ്‍സെടുത്ത് വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യൻ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാൻ സാധിച്ചുള്ളൂ.
ആദ്യ ഓവറിലെ തകര്‍ച്ച തുടങ്ങി
ടോസിലെ നഷ്ടത്തിന് പിന്നാലെ ഇന്ത്യക്ക് ആദ്യ ഓവറില്‍ വിക്കറ്റും നഷ്ടമായി. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ പോയന്‍റില്‍ ലാബുഷെയ്നിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി. അക്കൗണ്ട് തുറക്കും മുമ്പായിരുന്നു ഗില്‍ വീണത്. പിന്നീട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് സ്റ്റാര്‍ക്കിനെയും ഗ്രീനിനെയും അനാസായം നേരിട്ടതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സിലെത്തിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിലാണ് ഇരുട്ടടിയേറ്റത്. ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച രോഹിത്തിന് പിഴച്ചു. സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ തകര്‍പ്പന്‍ ക്യാച്ച്.
തൊട്ടടുത്ത പന്തില്‍ ആദ്യ മത്സരത്തിന്‍റെ തനിയാവര്‍ത്തനമായി സൂര്യകുമാര്‍ യാദവ് സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്ത്. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ ഞെട്ടി. കെ എല്‍ രാഹുല്‍ സ്റ്റാര്‍ക്കിന് ഹാട്രിക്ക് നിഷേധിച്ചെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പതാം ഓവറില്‍ രാഹുലിനെയും(9) സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. പത്താം ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(1) സ്ലിപ്പില്‍ സ്മിത്ത് പറന്നു പിടിച്ചതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു.
വിരാട് കോലി-രവീന്ദ്ര ജഡേജ ബാറ്റിംഗ് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും കോലിയെ(31) വിക്കറ്റിന് മുന്നില്‍ കുടുക്കിയ നഥാന്‍ എല്ലിസ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയ്ക്കും അധിക നേരം ഓസീസ് ആക്രമണത്തെ പ്രതിരോധിക്കാനായില്ല. അക്സര്‍ ഒരറ്റത്ത് ശ്രമിച്ച് നോക്കിയെങ്കിലും വാലറ്റത്തിനും ഒന്നും ചെയ്യാൻ സാധിക്കാതെ ആയതോടെ ഇന്ത്യൻ പോരാട്ടം 117 റണ്‍സില്‍ അവസാനിച്ചു. സ്റ്റാര്‍ക്കിനെ കൂടാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സീൻ അബോട്ടും രണ്ട് വിക്കറ്റുകള്‍ നേടിയ നഥാൻ എല്ലിസും ഓസീസ് നിരയില്‍ തിളങ്ങി.
