Asianet News MalayalamAsianet News Malayalam

അസാധ്യം, അപാരം, പാണ്ഡ്യയെ പറന്നുപിടിച്ച് സ്റ്റീവ് സ്മിത്ത്; വണ്ടര്‍ ക്യാച്ചില്‍ കണ്ണുതള്ളി ആരാധകര്‍-വീഡിയോ

അഞ്ചാം ഓവറില്‍ സ്റ്റാര്‍ക്ക് ആദ്യം രോഹിത്തിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിന് വിക്കറ്റിന് മുന്നില്‍ കുടുക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യ ഞെട്ടി.

Watch Steve Smith Wonder Catch to dismiss Hardik Pandya in 2nd ODI gkc
Author
First Published Mar 19, 2023, 3:15 PM IST

വിശാഖപട്ടണം: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തെര‍ഞ്ഞെടുത്ത ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് അതിന് കാരണമായി പറഞ്ഞത്, മഴ മൂലം പിച്ച് മൂടിയിട്ടിരുന്നതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നതായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്‍റെ തീരുമാനം ശരിവെച്ചു. എന്നാല്‍ അടുത്ത മൂന്നോവറിലും വിരാട് കോലിയും രോഹിത് ശര്‍മയും സ്റ്റാര്‍ക്കിനെയും കാമറൂണ്‍ ഗ്രീനിനെയും ആത്മവിശ്വാസത്തോടെ നേരിട്ടതോടെ ഇന്ത്യന്‍ സ്കോര്‍ നാലോവറില്‍ 32 റണ്‍സിലെത്തി.

അഞ്ചാം ഓവറില്‍ സ്റ്റാര്‍ക്ക് ആദ്യം രോഹിത്തിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിന് വിക്കറ്റിന് മുന്നില്‍ കുടുക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യ ഞെട്ടി. ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്തില്‍ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പില്‍ സ്മിത്ത് കൈയിലൊതുക്കുകയായിരുന്നെങ്കില്‍ സൂര്യകുമാര്‍ ആദ്യ ഏകദിനത്തിലെ ആക്ഷന്‍ റീപ്ലേ പോലെ നേരിട്ട ആദ്യ പന്തില്‍ പുറത്താവുവകയായിരുന്നു.

വീണ്ടും ഗോള്‍ഡന്‍ ഡക്ക്, നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് സൂര്യകുമാര്‍ യാദവ്-വീഡിയോ

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ രാഹുലും കോലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും രാഹുലിനെയും സ്റ്റാര്‍ മറ്റൊരു ഇന്‍സ്വിംഗറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 50 കടക്കും മുമ്പെ നാലു വിക്കറ്റ് നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായി ഇന്ത്യയുടെ പ്രതീക്ഷ പിന്നീട് വിരാട് കോലി-ഹാര്‍ദ്ദിക് പാണ്ഡ്യ സഖ്യത്തിലായി.

എന്നാല്‍ ഷോണ്‍ ആബട്ടിന്‍റെ പന്തില്‍ ഹാര്‍ദ്ദിക്കിനെ സ്ലിപ്പില്‍ സ്മിത്ത് പറന്നു പിടിച്ചതോടെ ആ പ്രതീക്ഷയും അവസാനിച്ചു. ഹാര്‍ദ്ദിക്കിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് തന്‍റെ വലതുഭാഗത്തേത്ത് ഫുള്‍ സ്ട്രെച്ച് ഡൈവിലൂടെ സ്മിത്ത് കൈയിലൊതുക്കുകയായിരുന്നു. മുമ്പ് പലപ്പോഴും ഇത്തരം അസാമാന്യ ക്യാച്ചുകളെടുത്തിട്ടുണ്ടെങ്കിലും ഈ ക്യാച്ചിനെ അസാധ്യമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios