സിഡ്നി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതിന്‍റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പാര്‍ട്ട് ടൈം ബൗളറുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് കോലി പറഞ്ഞു. ഹര്‍ദ്ദിക്ക് പാണ്ഡ്യക്ക് ബൗള്‍ ചെയ്യാനുള്ള കായികക്ഷമത ഉണ്ടായിരുന്നില്ല. ടീമില്‍ മറ്റ് ഓള്‍ റൗണ്ടര്‍മാരുമില്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള ബൗളര്‍മാരെ വെച്ച് ഓവറുകള്‍ പൂര്‍ത്തിയാക്കുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴിയെന്നും മത്സരശേഷം കോലി പറഞ്ഞു.

ഓസീസിനായി സ്റ്റോയിനിസും മാക്സ്‌വെല്ലും പന്തെറിഞ്ഞതുപോലെ ഉപയോഗിക്കാവുന്ന ഒരു പാര്‍ട്ട് ടൈം ബൗളറില്ലാതെ പോയത് തിരിച്ചടിയായി. എങ്കിലും തോല്‍വിക്ക് ന്യായീകരണങ്ങളൊന്നുമില്ല. ഓസ്ട്രേലിയയിലെത്തി തയാറെടുപ്പിന് ആവശ്യമായ സമയം ലഭിച്ചിരുന്നു. ദീര്‍ഘമായ ഇടവേളക്കുശേഷം കളിക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മത്സരമാണെന്നതും തോല്‍വിയില്‍ ഒരു ഘടകമായിട്ടുണ്ട്.

ടീം അംഗങ്ങലെല്ലാം ഇതുവരെ കൂടുതലും കളിച്ചത് ടി20 മത്സരങ്ങളായിരുന്നു. 25-26 ഓവറുകള്‍ക്ക് ശേഷം ഇന്ത്യന്‍ കളിക്കാരുടെ ശരീരഭാഷയും അത്ര മികച്ചതായിരുന്നില്ല. ഫീല്‍ഡിംഗ് പിഴവുകളും തിരിച്ചടിയായി. മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ അവസരങ്ങള്‍ മുതലാക്കിയില്ലെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും കോലി പറഞ്ഞു.