ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതുവരെയുള്ള മൂന്ന് ഇന്നിംഗ്‌സുകളില്‍ 20, 17, 1 എന്നിങ്ങനെയാണ് കെ എല്‍ രാഹുലിന്‍റെ സ്കോറുകള്‍

ദില്ലി: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ മോശം ഫോം വലിയ ചര്‍ച്ചാ വിഷയമാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അമ്പേ പരാജമായി ബാറ്റിംഗില്‍ രാഹുല്‍. എങ്കിലും രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സെലക്‌ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്‍റിനും. ഓസ്ട്രേലിയക്ക് എതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള സ്‌ക്വാഡുകളെ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ രണ്ടിലും രാഹുലിന് ഇടം കിട്ടി. രാഹുലിനെ തുടര്‍ന്നും പിന്തുണയ്ക്കും എന്ന നിലപാടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക്. എങ്കിലും റണ്‍ കണ്ടെത്താനുള്ള വഴി രാഹുല്‍ തേടണം എന്ന് രോഹിത് പറയുന്നുണ്ട്. 

ഓസ്ട്രേലിയക്ക് എതിരായ ദില്ലിയിലെ രണ്ടാം ടെസ്റ്റിന് ശേഷം രാഹുലിന് എതിരായ വിമര്‍ശനങ്ങളെ കുറിച്ച് ഹിറ്റ്‌മാന്‍ ആദ്യമായി മനസുതുറന്നു. 'ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ നിങ്ങളുടെ വഴി കണ്ടെത്തണം. ടീമിലെ ഓരോരുത്തര്‍ക്കും റണ്‍സ് നേടാന്‍ വ്യത്യസ്‌തമായ വഴികളാണുള്ളത്. ഒരൊറ്റ ഒരാള്‍ എന്ത് ചെയ്യുന്നു എന്നതിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ഉദേശിക്കുന്നില്ല. എല്ലാവരും ഒരുമയോടെ കളിക്കുന്നതാണ് പ്രധാനം. ഇത് ടീം ഇന്ത്യയെ സംബന്ധിച്ച് വലിയ പരമ്പരയാണ്. ഇത്രയുമാണ് കെ എല്‍ രാഹുലിനെ കുറിച്ച് എനിക്ക് പറയാനുള്ളത്. രാഹുലിനെ ബാറ്റിംഗിനെ കുറിച്ച് ഏറെ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്‍റ് എന്ന നിലയില്‍ കെ എല്‍ രാഹുലിന്‍റെ മാത്രമല്ല, എല്ലാ താരങ്ങളുടേയും കഴിവ് ഞങ്ങള്‍ നോക്കും. ഞാന്‍ മുമ്പും പലവട്ടം പറഞ്ഞിട്ടുണ്ട്. കഴിവുള്ള താരങ്ങളാണേല്‍ തുടര്‍ന്നും അവസരങ്ങള്‍ ലഭിക്കും. ലോര്‍ഡ് ടെസ്റ്റിലും(2021) സെഞ്ചുറിയനിലും(2022) രാഹുലിന്‍റെ ഹീറോയിസം നമ്മള്‍ കണ്ടതാണ്. രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചു. അത്രത്തോളം പ്രതിഭയുണ്ട് കെ എല്‍ രാഹുലിന്' എന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതുവരെയുള്ള മൂന്ന് ഇന്നിംഗ്‌സുകളില്‍ 20, 17, 1 എന്നിങ്ങനെയാണ് കെ എല്‍ രാഹുലിന്‍റെ സ്കോറുകള്‍. 2018 മുതല്‍ 47 ഇന്നിംഗ്‌സുകളില്‍ 36.36 ശരാശരി മാത്രമേ രാഹുലിനുള്ളൂ. മൂന്ന് സെഞ്ചുറികളാണ് ഇക്കാലയളവില്‍ നേടിയത്. 2022 മുതലുള്ള 10 ഇന്നിംഗ്‌സുകളില്‍ ഒരു 50+ സ്കോര്‍ മാത്രമുള്ളപ്പോള്‍ 17.40 മാത്രമാണ് കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് ശരാശരി. രാഹുലിന് പകരം അവസരത്തിനായി ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍ ബഞ്ചില്‍ കാത്തിരിക്കുകയാണ്. 

സര്‍, ഇതാ കാണൂ സഞ്ജുവിന്‍റെ 2022ലെ ഏകദിന സ്കോറുകള്‍; കണക്കുകള്‍ നിരത്തി വാദിച്ച് ആരാധകര്‍