സ്വന്തം ടീമിനെ കൈവിട്ട് ഓസീസ് മുന്‍ താരങ്ങള്‍; ഇന്ത്യ കപ്പടിക്കുമെന്ന് കൂട്ട പ്രവചനം
ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പടെ മുന്‍ താരങ്ങളെല്ലാം ഒറ്റ സ്വരത്തില്‍ പറയുന്നു ഫൈനലില്‍ ഫേവറൈറ്റുകള്‍ ടീം ഇന്ത്യ

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയെ തോല്‍പിച്ച് ടീം ഇന്ത്യ കപ്പുയര്‍ത്തുമെന്ന് മുന്‍ താരങ്ങള്‍. ഷെയ്‌ന്‍ വാട്‌സണും ആരോണ്‍ ഫിഞ്ചും അടക്കമുള്ള ഓസീസ് മുന്‍ താരങ്ങള്‍ വരെ ഫൈനലില്‍ ഇന്ത്യക്കാണ് സാധ്യത കല്‍പിക്കുന്നത്. മികച്ച ഫോമിലുള്ള ഇന്ത്യയാണ് അഹമ്മദാബാദിലെ ഫേവറൈറ്റുകള്‍ എന്ന് ഷെയ്‌ന്‍ വാട്‌സണ്‍ തറപ്പിച്ചുപറയുന്നു.
വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്‌താലും ഓസീസിന്‍റെ വിഖ്യാത മഞ്ഞക്കുപ്പായം വിട്ടൊരു കളിയുമില്ല സാധാരണ ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങള്‍ക്ക്. അത്രത്തോളം ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളവരാണ് ഓസ്ട്രേലിയക്കാര്‍. അതേ ഓസീസ് മുന്‍ താരങ്ങള്‍ വരെ ഇക്കുറി ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീട സാധ്യത കല്‍പിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഓസീസ് ഇതിഹാസ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണിന്‍റെയും മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും പ്രവചനം ടീം ഇന്ത്യക്ക് അനൂകൂലം. തീര്‍ന്നില്ല, വിന്‍ഡീസ് മുന്‍ താരവും വിഖ്യാത കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഇമ്രാന്‍ താഹിറും ഇന്ത്യയുടെ 2011 ലോകകപ്പ് ഹീറോകളിലൊരാളായ ഗൗതം ഗംഭീറും നീലപ്പടയ്‌ക്ക് സാധ്യത കല്‍പിക്കുന്നു. ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍റെ പിന്തുണയും ടീം ഇന്ത്യക്കുതന്നെ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ ആരംഭിക്കുക. മൂന്നാം ഏകദിന ലോകകപ്പ് കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവും മൈതാനത്ത് എത്തുന്നത്. ഇത്തവണ ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും (9 എണ്ണം) ജയിച്ച ഏക ടീമായ ഇന്ത്യക്കാണ് ഫൈനലില്‍ സ്വന്തം മൈതാനത്ത് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ടീം ഇന്ത്യക്ക് മേല്‍ക്കൈ അവകാശപ്പെടാം.
Read more: കപ്പുയര്‍ത്തണോ, ടീം ഇന്ത്യ ശ്രദ്ധിക്കേണ്ടത് ഒറ്റക്കാര്യം; 2003 ഫൈനല്‍ വലിയ പാഠം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം