ഇന്ത്യ കപ്പുയര്‍ത്താന്‍ ഒരൊറ്റ കുറുക്കുവഴി മാത്രം, കഴിഞ്ഞ രണ്ട് ലോകകപ്പ് ഫൈനലും പഠിപ്പിച്ചത് അതാണ്, 2003ല്‍ പിഴച്ചതും അവിടെ! 

അഹമ്മദാബാദ്: നന്നായി തുടങ്ങിയാൽ പാതി നന്നായി എന്ന വിശ്വാസത്തിന് ക്രിക്കറ്റിലും വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലുകളിലെ ഇന്ത്യൻ പ്രകടനം വിലയിരുത്താൽ ഇത് സത്യമെന്ന് ബോധ്യപ്പെടും. ടീം ഇന്ത്യ 'മൈറ്റി ഓസീസിനോട്' കിരീടം കൈവിട്ട 2003ലെ ഫൈനലില്‍ ഇന്ത്യക്ക് പിഴച്ചത് തുടക്കത്തില്‍ ബൗളിംഗ് പതറിയതായിരുന്നു. എന്നാല്‍ 2011ലേക്ക് വന്നപ്പോള്‍ പന്തിന്‍മേല്‍ ആദ്യം തന്നെ നിയന്ത്രണം കിട്ടിയത് ഇന്ത്യയെ കപ്പിലേക്ക് എത്തിച്ചു. 

മൈറ്റി ഓസീസും ഇന്ത്യയുടെ ഇതിഹാസ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരുന്നു 2003ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍. കലാശപ്പോരിന്‍റെ സമ്മര്‍ദം യുവ പേസര്‍ സഹീര്‍ ഖാനെ പിടികൂടിയപ്പോള്‍ ഇന്ത്യയുടെ തുടക്കം തന്നെ നോബോളോടെയായി. ഓസ്ട്രേലിയൻ ഓപ്പണര്‍മാരോട് അനാവശ്യമായി ഉടക്കിയ സഹീറിന് പിഴച്ചു. ആദ്യ ഓവറില്‍ 10 ബോളും എട്ട് എക്‌സ്‌ട്രാ റൺസും സഹീറിന് എറിയേണ്ടിവന്നു. പിന്നീടെല്ലാം ഓസീസിന് എളുപ്പമായി എന്നാണ് ചരിത്രം. എന്നാല്‍ 2003ലെ ഇരുപത്തിവയസുകാരനിൽ നിന്ന് ഇന്ത്യൻ ബൗളിംഗിന്‍റെ നായകപദവിയിലേക്ക് 2011ൽ ഉയര്‍ന്നപ്പോള്‍ സഹീര്‍ ഖാന്‍ ഇടംകൈ കൊണ്ട് ആറാടുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ ആദ്യ മൂന്ന് ഓവറും മെയ്‌ഡനാക്കി സഹീര്‍ ഉയിര്‍ത്തെഴുന്നേറ്റു. അഞ്ച് ഓവറിന്‍റെ ആദ്യ സ്പെല്ലില്‍ 6 റൺസ് മാത്രം വഴങ്ങി ഉപുൽ തരംഗയുടെ വിക്കറ്റുമെടുത്തു. ഒടുവില്‍ സ്വന്തം മണ്ണിൽ ആദ്യമായി ഇന്ത്യ കിരീടത്തിലുമെത്തി. 

ഈ ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാര്‍ക്കുമാണ് ബൗളിംഗ് തുടങ്ങുന്നത്. 10 കളിയിലായി ബുമ്ര ആദ്യ ഓവറുകളിൽ വഴങ്ങിയത് 28 റൺസ് മാത്രം. ആദ്യ സ്പെല്ലിലെ 42 ഓവറുകളില്‍ 142 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റും വീഴ്ത്തി. ബുമ്രക്കൊപ്പം മുഹമ്മദ് സിറാജാണ് സ്ഥിരം ബൗളിംഗ് പങ്കാളിയെങ്കില്‍ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ഇടംകൈയന്‍മാരാണ് എന്നതിനാല്‍ മുഹമ്മദ് ഷമിക്ക് തുടക്കത്തിലെ പന്തെറിയാന്‍ അവസരം ലഭിച്ചേക്കും. ബുമ്ര, ഷമി, സിറാജ് പേസ് ത്രയത്തിന്‍റെ ഫോമില്‍ ഇക്കുറി പ്രതീക്ഷ അര്‍പ്പിക്കാം. ബാറ്റിംഗിലേക്ക് വന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ പവര്‍പ്ലേയില്‍ നല്‍കുന്ന മികച്ച തുടക്കത്തെ ആശ്രയിച്ചിരിക്കും ഫൈനലില്‍ ഇന്ത്യയുടെ റണ്‍മല കെട്ടല്‍. 

Read more: ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍: ഇലവനില്‍ ടീമുകള്‍ക്ക് സംശയം, വരുന്നത് സ്‌പിന്‍ കെണി? നിര്‍ണായക താരങ്ങള്‍ ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം