17 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് കുപ്പായമണിഞ്ഞ അജിങ്ക്യ രഹാനെ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ മികച്ച സ്‌കോറിനെതിരെ പൊരുതി ഇന്ത്യന്‍ നിരയിലെ ടോപ് സ്കോററായിരുന്നു
ഓവല്‍: നീണ്ട 17 മാസത്തെ ഇടവേളയുടെ ഒരു സങ്കോചവുമില്ലാതെ തന്‍റെ ക്ലാസ് ഒരിക്കല്‍ക്കൂടി തെളിയിച്ച് കൊണ്ടുള്ള ബാറ്റിംഗ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ മടങ്ങിവരവില്‍ സെഞ്ചുറിയോളം പോന്ന ഫിഫ്റ്റിയുമായി എതിരാളികളെ ഞെട്ടിക്കുകയായിരുന്നു ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ അജിങ്ക്യ രഹാനെ. ഐപിഎല്ലില്‍ പതിനാറാം സീസണില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഓവലില്‍ രഹാനെ തുടര്‍ന്നപ്പോള്‍ താരത്തിന്‍റെ ടെസ്റ്റ് ഭാവിയിലേക്ക് അതൊരു ശുഭസൂചന നല്‍കുന്നതായാണ് ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗിന്‍റെ നിരീക്ഷണം.
'അജിങ്ക്യ രഹാനെ തനിക്ക് ലഭിച്ച അവസരം മുതലാക്കി. ഓവലിലെ ഫൈനലിന് ശേഷം കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മടങ്ങിയെത്തും മുമ്പ് രണ്ട് ടെസ്റ്റ് എങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ടീം ഇന്ത്യക്കുണ്ട്. ആ മത്സരങ്ങള്‍ തന്‍റെ ടെസ്റ്റ് കരിയര്‍ കുറച്ച് വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകാന്‍ രഹാനെയ്‌ക്കുള്ള സുവര്‍ണാവസരങ്ങളാണ്. ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ച ഏറ്റവും അച്ചടക്കമുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് രഹാനെ. പരിശീലനത്തിലും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ജിമ്മിലും ആദ്യമെത്തുന്ന താരം രഹാനെയാണ്. ഓസ്ട്രേലിയക്കെതിരെ രഹാനെ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകള്‍ രഹാനെ ഇന്ത്യക്കായി കളിക്കാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഐപിഎല്ലിലെ പ്രകടനം രഹാനെയുടെ മടങ്ങിവരവിന് തുണയായി. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മടങ്ങിവരുമ്പോള്‍ ടീം സെലക്ഷന്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാവും' എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. ഐപിഎല്ലില്‍ പോണ്ടിംഗിന് കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ രഹാനെ കളിച്ചിട്ടുണ്ട്.
17 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് കുപ്പായമണിഞ്ഞ അജിങ്ക്യ രഹാനെ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ മികച്ച സ്‌കോറിനെതിരെ പൊരുതി ഇന്ത്യന്‍ നിരയിലെ ടോപ് സ്കോററായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 469 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചെങ്കിലും അഞ്ചാമനായി ക്രീസിലെത്തിയ രഹാനെ 129 പന്തില്‍ 11 ഫോറും ഒരു സിക്‌സറും സഹിതം 89 റണ്‍സ് നേടി. വാലറ്റത്ത് ഷര്‍ദ്ദുല്‍ താക്കൂറിനൊപ്പം രഹാനെ പുറത്തെടുത്ത പോരാട്ടമാണ് കനത്ത തകര്‍ച്ചയ്‌ക്കിടയില്‍ ഇന്ത്യന്‍ ടീമിനെ കാത്തത്.
Read more: ഐപിഎല്‍ മതിയെങ്കില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മറന്നേക്കു; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രവി ശാസ്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
