വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സര്‍ഫറാസ് ഖാന് അരങ്ങേറ്റത്തിന് അവസരം നല്‍കണം എന്ന ആവശ്യം ശക്തമായി
വിശാഖപട്ടണം: ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി വാദിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവിസ്മരണീയ റെക്കോര്‍ഡുള്ള സര്‍ഫറാസിനെ അസാധാരണ താരം എന്നാണ് എബിഡി വിശേഷിപ്പിക്കുന്നത്. വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സര്‍ഫറാസ് ഖാന് അരങ്ങേറ്റത്തിന് അവസരം നല്‍കണം എന്ന ആവശ്യം ഇതോടെ ശക്തമായി.
സര്‍ഫറാസ് ഖാന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ച് വലിയ ആകാംക്ഷ എനിക്കുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദേഹത്തിന്‍റെ റെക്കോര്‍ഡ് അതിഗംഭീരമാണ്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അയാള്‍ അവസരം അര്‍ഹിക്കുന്നു. രഞ്ജി ട്രോഫിയില്‍ 66 ഇന്നിംഗ്സുകളില്‍ 69.85 ശരാശരിയില്‍ 14 സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും സഹിതം 3912 റണ്‍സ് നേടിയ താരമൊരു സാധാരണക്കാരനല്ല. ഇത് വളരെ വളരെ മികച്ച റെക്കോര്‍ഡാണ്. ഇംഗ്ലണ്ടിനെതിരെ കളിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുക വലിയ പരീക്ഷയാണ്. രജത് പാടിദാറും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും സര്‍ഫറാസ് ഖാന് അവസരം ലഭിക്കും എന്നാണ് പ്രതീക്ഷ എന്നും എബിഡി തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ രജത് പാടിദാറിനും സര്‍ഫറാസ് ഖാനുമൊപ്പം കളിച്ച പരിചയം എ ബി ഡിവില്ലിയേഴ്സിനുണ്ട്. ഐപിഎല്ലില്‍ പാടിദാര്‍ തിളങ്ങിയെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് ഉയരാന്‍ സര്‍ഫറാസിന് സാധിച്ചിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 മത്സരങ്ങളില്‍ 45.97 ശരാശരിയില്‍ 12 സെഞ്ചുറികളും 22 ഫിഫ്റ്റികളും സഹിതം 4000 റണ്‍സ് പാടിദാറിനുണ്ട്. അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായി രജത് പാടിദാറും സര്‍ഫറാസ് ഖാനും സെഞ്ചുറികള്‍ നേടിയിരുന്നു. 2019-20 സീസണില്‍ മുംബൈക്കായി 154.66 ശരാശരിയില്‍ 301, 226, 177 റണ്‍സ് ഇന്നിംഗ്സുകളോടെ ആകെ 928 റണ്‍സ് നേടിയപ്പോള്‍ മുതല്‍ സര്‍ഫറാസിനെ ടീമിലെടുക്കണം എന്ന ആവശ്യം ശക്തമാണ്.
ഫെബ്രുവരി രണ്ട് മുതല്‍ വിശാഖപട്ടണത്താണ് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്. മത്സരത്തില്‍ സര്‍ഫറാസ് ഖാന്‍, രജത് പാടിദാര്‍ എന്നിവരില്‍ ഒരാള്‍ക്കെങ്കിലും ടെസ്റ്റ് അരങ്ങേറ്റം ആരാധകര്‍ പ്രതീക്ഷിക്കുന്നു. പാടിദാര്‍, കോലി വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാലും സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുലിന് പരിക്കേറ്റതിനാലുമാണ് സ്ക്വാഡിലെത്തിയത്.
