ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഹൈപ് ലഭിച്ച താരങ്ങളിലൊരാളാണ് കുല്‍ദീപ് യാദവ് വീരേന്ദര്‍ സെവാഗിന്‍റെ നിരീക്ഷണം

റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് എറിഞ്ഞ് കുടുക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്‍റെ ഉള്‍പ്പടെ നിര്‍ണായക വിക്കറ്റുകളാണ് കുല്‍ദീപ് മൂന്നാം ദിനത്തില്‍ പിഴുതത്. മികച്ച ടേണ്‍ ലഭിച്ച കുല്‍ദീപിന്‍റെ പന്തുകള്‍ ഏവരും വാഴ്ത്തുമ്പോള്‍ അതിലെ ഏറ്റവും ശ്രദ്ധേയമായ വാക്കുകള്‍ ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെതാണ്. 

'ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കുറവ് ഹൈപ് ലഭിച്ച താരങ്ങളിലൊരാളാണ് കുല്‍ദീപ് യാദവ്. വര്‍ഷങ്ങളായി ഗംഭീരമായി പന്തെറിയുന്നു. എന്നിട്ടും ഒരിക്കലും ഓണ്‍ലൈന്‍ ഫാന്‍സ് ക്ലബ് കുല്‍ദീപിനുണ്ടായില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേരായി ആരും അദേഹത്തെ വാഴ്ത്തിയില്ല. എന്നാല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഹൈപ്പും പ്രശംസയും കുല്‍ദീപ് യാദവ് അര്‍ഹിക്കുന്നുണ്ട്' എന്നാണ് വീരുവിന്‍റെ ട്വീറ്റ്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇതിനകം നാല് വിക്കറ്റ് കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്. സാക് ക്രോലി, ബെന്‍ സ്റ്റോക്‌സ്, ടോം ഹാര്‍ട്‌ലി, ഓലീ റോബിന്‍സണ്‍ എന്നിവരെയാണ് കുല്‍ദീപ് പറഞ്ഞയച്ചത്. 

Scroll to load tweet…

റാഞ്ചിയില്‍ 46 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 47 ഓവറില്‍ 139-8 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇംഗ്ലണ്ടിന് ഇതുവരെ ആകെ 185 റണ്‍സിന്‍റെ ലീഡേ ഉള്ളൂ. 60 റണ്‍സെടുത്ത സാക് ക്രോലി മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ബെന്‍ ഡക്കെറ്റ് 15നും ഓലീ പോപ് പൂജ്യത്തിനും ജോ റൂട്ട് 11നും ജോണി ബെയ്‌ര്‍സ്റ്റോ 30നും ബെന്‍ സ്റ്റോക്‌സ് നാലിനും ടോം ഹാര്‍ട്‌ലി ഏഴിനും ഓലീ റോബിന്‍സണ്‍ പൂജ്യത്തിനും പുറത്തായി. നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 353 റണ്‍സ് പിന്തുടര്‍ന്ന ടീം ഇന്ത്യ 307 റണ്‍സില്‍ പുറത്തായിരുന്നു. 

Read more: സിംബാബ്‌വെ മര്‍ദകന്‍ എന്ന് കളിയാക്കി, പൊട്ടിത്തെറിച്ച് ബാബര്‍ അസം, കുപ്പി വലിച്ചെറിയാന്‍ ശ്രമം- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം