പരമ്പരയില്‍ ഇതുവരെ ഇറങ്ങിയ ആറ് ഇന്നിംഗ്‌സുകളില്‍ രണ്ട് ഡബിള്‍ സെഞ്ചുറിയോടെ 545 റണ്‍സ് യശസ്വി ജയ്സ്വാള്‍ നേടിയിട്ടുണ്ട്

റാഞ്ചി: വെറും 22 വയസ് മാത്രമുള്ളപ്പോള്‍ ടെസ്റ്റ് കരിയറിലെ സ്വപ്ന ഫോമില്‍ കളിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ യശസ്വി ഇരട്ട സെഞ്ചുറി നേടി. രണ്ട് മത്സരങ്ങള്‍ കൂടി പരമ്പരയില്‍ അവശേഷിക്കേ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ 53 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് യശസ്വി ജയ്സ്വാള്‍ തകര്‍ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ഇന്നിംഗ്‌സുകളില്‍ രണ്ട് ഇരട്ട ശതകങ്ങളോടെ 545 റണ്‍സ് യശസ്വി ജയ്സ്വാള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് കളികളില്‍ 229 റണ്‍സ് കൂടി നേടിയാല്‍ സുനില്‍ ഗവാസ്‌കര്‍ 53 വര്‍ഷം കാത്തുസൂക്ഷിച്ച റെക്കോര്‍ഡ് പഴങ്കഥയാവും. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് സുനില്‍ ഗവസ്‌കര്‍ കൈവശം വച്ചിരിക്കുന്നത്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു 774 റണ്‍സുമായി സുനില്‍ ഗവസ്‌കര്‍ റെക്കോര്‍ഡിട്ടത്. നിലവിലെ ഫോമില്‍ ഗവസ്‌കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജയ്സ്വാളിനായേക്കും.

അതേസമയം ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ ഒരു റെക്കോര്‍ഡും തകര്‍ക്കുന്നതിന് അരികെയാണ് യശസ്വി ജയ്സ്വാള്‍. 21-ാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന കോലിയുടെ റെക്കോര്‍ഡാണിത്. 2014-15 പരമ്പരയില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ 692 റണ്‍സുമായാണ് കോലി റെക്കോര്‍ഡിട്ടത്. ഇത് തകര്‍ക്കാന്‍ 147 റണ്‍സ് കൂടി ജയ്സ്വാളിന് മതി. ഫെബ്രുവരി 23-ാം തിയതി റാഞ്ചിയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് തുടങ്ങുക. മാര്‍ച്ച് 7ന് ധരംശാലയില്‍ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിക്കും. 

Read more: 'സാനിയ, സാനിയ'; ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യ സന ജാവേദിനെ സാനിയ മിര്‍സയുടെ പേര് വിളിച്ച് അധിക്ഷേപിച്ച് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം