ഹൈദരാബാദ് വേദിയായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റുമായി ഇന്ത്യയെ തോല്‍പിച്ച താരമാണ് ഇംഗ്ലീഷ് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലി

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാണ് ഇംഗ്ലീഷ് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലി. ഓരോ അഞ്ച് വിക്കറ്റ് നേട്ടവും നാല് വിക്കറ്റ് നേട്ടവുമായി അഞ്ച് കളിയില്‍ 22 ഇന്ത്യന്‍ താരങ്ങളെ ഹാര്‍ട്‌ലി പുറത്താക്കി. എന്നാല്‍ ഈ വിക്കറ്റ് മഴയ്ക്കിടെയും ടോം ഹാര്‍ട്‌ലിക്ക് ഒരു കനത്ത നാണക്കേട് കന്നി ഇന്ത്യന്‍ പര്യടനത്തിനിടെ പേരിലായി. 

ഹൈദരാബാദ് വേദിയായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റുമായി ഇന്ത്യയെ തോല്‍പിച്ച താരമാണ് ഇംഗ്ലീഷ് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലി. 26.2 ഓവറില്‍ വെറും 62 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇന്നിംഗ്‌സില്‍ ഹാര്‍ട്‌ലിയുടെ ഏഴ് വിക്കറ്റ് നേട്ടം. അഞ്ചാം ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ പരമ്പരയിലാകെ 795 റണ്‍സ് ഹാര്‍ട്‌ലി വഴങ്ങി. ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏതെങ്കിലുമൊരു സന്ദര്‍ശക ബൗളര്‍ വിട്ടുകൊടുക്കുന്ന ഉയര്‍ന്ന രണ്ടാമത്തെ റണ്‍സാണിത്. 2016ല്‍ 861 റണ്‍സ് വഴങ്ങിയ സ്‌പിന്നര്‍ ആദില്‍ റഷീദ് ഏറ്റവും മുകളില്‍ നില്‍ക്കുമ്പോള്‍ രണ്ടാമനായ ടോം ഹാര്‍ട്‌ലി 2024ലെ പര്യടനത്തില്‍ വിട്ടുകൊടുത്തത് 795 റണ്‍സാണ്. 

എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ 250.4 ഓവറുകള്‍ (1504 പന്തുകള്‍) ടോം ഹാര്‍ട്‌ലി എറിഞ്ഞത് ഇത്രയധികം റണ്‍സ് വഴങ്ങുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ഈ പരമ്പരയില്‍ മറ്റൊരു ബൗളറും 1500ലേറെ പന്തുകള്‍ എറിഞ്ഞിട്ടില്ല. 1014 ബോളുകള്‍ എറിഞ്ഞ ഷൊയൈബ് ബഷീറാണ് പന്തുകളുടെ എണ്ണത്തില്‍ ഹാര്‍ട്‌ലിക്ക് തൊട്ടുപിന്നിലുള്ളത്. ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആയിരത്തിനടുത്ത് പന്തുകള്‍ എറിഞ്ഞു. 

അതേസമയം ഈ ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലീഷ് ബൗളിംഗ് നിരയ്ക്ക് ഏറ്റവും അഭിമാനിക്കാനാവുന്ന നേട്ടങ്ങള്‍ സ‌്‌പിന്നര്‍ ഷൊയൈബ് ബഷീറിന്‍റെ ഉദയവും വെറ്ററന്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചതുമാണ്. മൂന്ന് കളിയില്‍ 17 വിക്കറ്റ് ബഷീര്‍ നേടി. തന്‍റെ 187-ാം ടെസ്റ്റ് മത്സരത്തിലാണ് ജിമ്മി ആന്‍ഡേഴ്‌സണ്‍ 700 വിക്കറ്റുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തികച്ചത്.

Read more: ഞെട്ടലോടെ ആരാധകര്‍, രോഹിത് ശര്‍മ്മയ്ക്ക് അപ്രതീക്ഷിത പരിക്ക്; നിര്‍ണായക വിവരം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം