ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കേയാണ് പുറംവേദന രോഹിത് ശര്‍മ്മയെ പിടികൂടിയിരിക്കുന്നത്

ധരംശാല: ഇംഗ്ലണ്ടിനെതിരെ ധരംശാലയില്‍ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റിനിടെ ആശങ്കയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്ക്. രോഹിത് ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇതുവരെ ഫീല്‍ഡ് ചെയ്‌തിട്ടില്ല. രോഹിത്തിന്‍റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഐപിഎല്‍ 2024 സീസണും ട്വന്‍റി 20 ലോകകപ്പും വരാനിരിക്കേ പരിക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് രോഹിത് വിശ്രമിക്കുന്നതാണ് എന്നാണ് അനുമാനം. രോഹിത് ശര്‍മ്മയ്ക്ക് പകരം വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. 

ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കേയാണ് പുറംവേദന രോഹിത് ശര്‍മ്മയെ പിടികൂടിയിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ബാറ്ററാണ് ഹിറ്റ്‌മാന്‍. ധരംശാലയിലെ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് സെഞ്ചുറി നേടിയിരുന്നു. 162 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ്മ 13 ഫോറും മൂന്ന് സിക്‌സറുകളോടെയുമാണ് 103 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ രണ്ട് സെഞ്ചുറികളോടെ 400 റണ്‍സ് രോഹിത്തിനുണ്ട്. 

അതേസമയം ധരംശാല ടെസ്റ്റില്‍ ടീം ഇന്ത്യ തകര്‍പ്പന്‍ ജയത്തിനരികെയാണ്. 259 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 27 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലാണ്. രവിചന്ദ്രന്‍ അശ്വിന്‍ അഞ്ചും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റുമായി ഇംഗ്ലണ്ടിനെ വട്ടംകറക്കുകയാണ്. ഇന്ത്യന്‍ സ്കോറിനേക്കാള്‍ 142 റണ്‍സ് പിന്നിലാണ് നിലവില്‍ ഇംഗ്ലണ്ട് നില്‍ക്കുന്നത്. ജോ റൂട്ടും (36*), ടോം ഹാര്‍ട്‌ലിയുമാണ് (4*) ക്രീസില്‍. സാക്ക് ക്രോലി (0), ബെന്‍ ഡക്കെറ്റ് (2), ഓലീ പോപ് (19), ജോണി ബെയ്‌ര്‍സ്റ്റോ (36), ബെന്‍ സ്റ്റോക്‌സ് (2), ബെന്‍ ഫോക്‌സ് (8) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. 

Read more: 4-1 കാത്ത് ഇന്ത്യ, ധരംശാലയില്‍ മഞ്ഞ് തിന്ന് ഇംഗ്ലണ്ട്; ദയനീയ തോല്‍വി മണക്കുന്നു, വട്ടംകറക്കി അശ്വിന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം